
കുഞ്ഞുങ്ങളാണ് ലോകത്തിലെ ഏറ്റവും നിഷ്‌കളങ്കമായ ഹൃദയത്തിനുടമകൾ. കാപട്യം ഒട്ടും അറിയാത്തവർ. അന്യന്റെ പ്രയാസങ്ങളിൽ സങ്കടപ്പെടാനും സഹായിക്കാനുമുള്ള മനസുള്ളവരാണ് കുട്ടികൾ. അത്തരത്തിൽ ഓട്ടമത്സരത്തിനിടയിൽ വീണുപോയ തന്റെ എതിരാളിയെ സഹായിക്കുന്ന ഒരു കൊച്ചുമിടുക്കന്റെ, അതിമനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്‌കൂളിൽ ആൺകുട്ടികളുടെ ഓട്ടമത്സരം നടക്കുകയാണ്. കുട്ടികൾ ഓടി വരുന്നതും അവരുടെ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഏറ്റവും മുന്നിൽ വരുന്ന കൊച്ചുമിടുക്കൻ ഫിനിഷിംഗ് പോയിന്റിന്റെ തൊട്ടുമുമ്പ് നിലത്തേക്ക് വീഴുന്നു. അവന്റെ ഷൂ അഴിഞ്ഞുപോകുന്നു. അവൻ വീണിടത്തുതന്നെ ഇരിക്കുകയാണ്. ഇതിനിടയിൽ രണ്ടാമതുണ്ടായിരുന്ന കുട്ടി ഓടി ഫിനിഷിംഗ് പോയിന്റിലെത്തി വിജയമുറപ്പിച്ചു.
പിന്നിലായി മറ്റ് രണ്ട് കുട്ടികൾ കൂടി ഓടിവരുന്നുണ്ട്. ഇതുകണ്ട വിജയി, വീണുപോയ കളിക്കളത്തിലെ എതിരാളിയുടെ അടുത്തേക്ക് പോകുകയും, പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് താങ്ങിപ്പിടിച്ചുകൊണ്ട് ഫിനിഷിംഗ് പോയിന്റിലേക്കെത്തുന്നു. രണ്ടാമതെത്താൻ സാധിക്കുമായിരുന്നിട്ടും പിന്നിലുള്ള രണ്ട് പേരും ഇവരെ മറികടന്ന് മുന്നോട്ടുപോകുന്നില്ല. നാല് കുട്ടികളും ഒന്നിച്ചാണ് ഫിനിഷിംഗ് പോയിന്റിലെത്തുന്നത്. തുടർന്ന് പരസ്‌പരം കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹം പങ്കുവയ്‌ക്കുകയാണ്.
മുപ്പത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. രണ്ടരലക്ഷത്തോളം പേരാണ് ഇതുവരെ ലൈക്ക് ചെയ്‌തത്. കുട്ടികളുടെ ഈ സ്നേഹത്തെയും കരുണയേയും സഹകരണ മനോഭാവത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വലുതായാലും ഈ മനോഭാവത്തിൽ മാറ്റമുണ്ടാകരുതെന്നാണ് മിക്കവരും കുട്ടികൾക്ക് നൽകിയിരിക്കുന്ന ഉപദേശം.