കാസർകോട്: പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസുകൾക്ക് നേരെ രാത്രി കാലങ്ങളിൽ നടക്കുന്ന കല്ലേറുകൾക്ക് ഇനിയും അറുതിയില്ല. കഴിഞ്ഞ ദിവസം രാത്രി പൊതുമരാമത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിലെ ദേശീയപാത ഉപവിഭാഗം, ചെറുകിട ജലസേചനവകുപ്പ് എന്നീ ഓഫീസുകളുടെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് നിലത്ത് തകർന്ന ജനൽച്ചില്ലുകളും കരിങ്കല്ലുകളും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് ഇവിടെയെത്തി തകർന്ന ജനലുകൾ പരിശോധിച്ചു. മാർച്ച് 13,14, 20, 24, 27 തീയതികളിൽ രാത്രിയിൽ പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിലെ വിവിധ വിഭാഗങ്ങളിലെ ഓഫീസുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. നിരത്ത് വിഭാഗം, പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ദേശീയപാത ഉപവിഭാഗം എന്നീ ഓഫീസുകൾക്ക് നേരെയാണ് അക്രമണമുണ്ടായത്. കമ്പ്യൂട്ടറിന്റെ മോണിറ്റർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങൾക്ക് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർച്ചയായുള്ള കല്ലേറിനെ തുടർന്നുള്ള പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കല്ലേറിന് പിന്നിലുള്ളവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സംഘം വരെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇത് ആറാം തവണയാണ് കല്ലേറുണ്ടാകുന്നത്. കാമറ സ്ഥാപിക്കാനോ സുരക്ഷാ ജീവനക്കാരെ നിയമിക്കാനോ നടപടിയെടുക്കാതെ അധികൃതർ അലംഭാവം തുടരുകയാണ്. നിലവിൽ ഒരു സുരക്ഷാ ജീവനക്കാരനുണ്ടെങ്കിലും കല്ലേറിൽ ജനൽചില്ലുകൾ പൊട്ടുന്ന ഭാഗത്തെ സുരക്ഷ തന്റെ ചുമതലയല്ലെന്നാണ് ഇതുസംബന്ധിച്ച് അദ്ദേഹം പൊലീസിന് മൊഴി നൽകിയത്.