township

തിരുവനന്തപുരം: ഒരുകാലത്ത് നഗരത്തിന്റെ മാലിന്യസംഭരണ കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വിളപ്പിൽശാലയിലെ മാലിന്യ ഫാക്ടറിയുടെ സ്ഥലത്ത് മിനി ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതി അനിശ്ചിതത്വത്തിലേക്ക്. കഴി‍ഞ്ഞ വർഷം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.എന്നാൽ,​ 400 കോടിയുടെ ബൃഹദ്‌പദ്ധതി ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്.ജോലികൾ താത്കാലിമായി നിറുത്തിവച്ചതായി കോർപ്പറേഷൻ അധികൃതരും സമ്മതിച്ചു. 5 വർഷം കൊണ്ട് ഘട്ടം ഘട്ടമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഉപേക്ഷിക്കലിന്റെ വക്കിലെത്തി നിൽക്കുന്നത്.രണ്ടുവർഷം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ, ഇതുവരെ നിർമ്മിച്ചത് ചുറ്റുമതിലും അതിനുള്ളിലെ റോഡുകളും മാത്രം.അതേസമയം,പദ്ധതി നടപ്പാക്കാൻ തടസങ്ങൾ നേരിടുകയാണെങ്കിൽ ചെലവിൽ 20 ശതമാനത്തോളം വർദ്ധനയുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

തർക്കം ഇങ്ങനെ
കോർപ്പറേഷന്റെ ഇതുവരെയുള്ളതിൽ വച്ചേറ്റവും ചെലവേറിയ പദ്ധതിയാണ് വിളപ്പിൽശാലയിലേത്. എന്നാൽ,​ വിളപ്പിൽശാല പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കോർപ്പറേഷൻ ഇത്രയും വലിയൊരു തുക ചെലവാക്കണോയെന്ന ചോദ്യമാണ് കൗൺസിലെ അംഗങ്ങൾ ഭരണ -പ്രതിപക്ഷ ഭേദമെന്യേ ഉയർത്തുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോൾ ഈ ഫണ്ട് കോർപ്പറേഷന്റെ മറ്റ് പദ്ധതികൾക്ക് ചെലവിടാതിരിക്കുന്നതിനെയും അംഗങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്. ഇതേസമയം,പദ്ധതി നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

46 ഏക്കർ
പ്ളാന്റ് സ്ഥിതി ചെയ്യുന്നത് 46 ഏക്കറിലാണെങ്കിലും ടൗൺ ഷിപ്പിനായി 36 ഏക്കറാണ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മിനി ടൗൺഷിപ്പിനായി 11 നില കെട്ടിടമാണ് നിർമ്മിക്കുക.നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് 2011ലാണ് മാലിന്യഫാക്ടറി അടച്ചുപൂട്ടിയത്. അന്നുമുതൽ ഭൂമി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. സ്ത്രീ സൗഹൃദവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതുമായിരിക്കും ടൗൺഷിപ്പ്.

ടൗൺഷിപ്പിലുള്ളത്
നഗരവനം, അപ്പാർട്ട്‌മെന്റ്,കൺവെൻഷൻ സെന്റർ, റസിഡൻഷ്യൽ ട്രെയിനിംഗ് സെന്റർ, വെയർ ഹൗസ്, ഉപേക്ഷിച്ച വാഹനങ്ങൾ സൂക്ഷിക്കാനുള്ള യാർഡ്.തെരുവുനായ പുനരധിവാസകേന്ദ്രം, ഇൻഡോർ ഗെയിംസ് അവന്യൂ,കന്നുകാലി ഷെഡ്.