all-we-imagine-as-light

 പായൽ കപാഡിയയുടെ ചിത്രം

 ദിവ്യപ്രഭയും കനിയും നായികമാർ

പാരീസ്: വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ചിത്രത്തിനുള്ള പാം ഡിഓർ പുരസ്കാരത്തിനായി മത്സരിക്കാൻ ഇന്ത്യൻ സിനിമയ്ക്ക് അവസരം. പായൽ കപാഡിയ സംവിധാനം ചെയ്ത ' ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് " എന്ന മലയാളം,ഹിന്ദി ദ്വിഭാഷാ ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളികളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ' സ്വം ' ആണ് 1994ൽ ഏറ്റവും ഒടുവിൽ മത്സര വിഭാഗത്തിൽ വന്ന ഇന്ത്യൻ സിനിമ.

മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാർ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ചലച്ചിത്രകാരിയാ ണ് മുംബയ് സ്വദേശിയായ പായൽ കപാഡിയ. പായലിന്റെ ' എ നൈറ്റ് ഒഫ് നോയിംഗ് നത്തിംഗ് ' എന്ന ഡോക്യുമെന്ററിക്ക് 2021ൽ കാനിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ' ഗോൾഡൻ ഐ' ബഹുമതി ലഭിച്ചിരുന്നു. 2017ൽ പായലിന്റെ ആഫ്റ്റർനൂൺ ക്ലോഡ്സ് എന്ന ചിത്രവും കാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രാൻസിസ് ഫോർഡ് കാപ്പോളയുടെ ' മെഗലോപൊലിസ്', പോൾ ഷ്രേഡറുടെ ' ഓ കാനഡ' തുടങ്ങിയ ചിത്രങ്ങളോടാണ് പായൽ മത്സരിക്കുന്നത്. മേയ് 14 മുതൽ 25 വരെയാണ് കാൻ ഫിലിംഫെസ്റ്റിവൽ.

അഭിമാനമായി

മലയാളികൾ

മലയാള സിനിമയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രശംസ നേടിയ നടിമാരാണ് ദിവ്യപ്രഭയും കനി കുസൃതിയും. കാനിലേക്കുള്ള നോമിനേഷനിൽ ഏറെ ആവേശഭരിതയാണെന്ന് ദിവ്യപ്രഭ കേരളകൗമുദിയോട് പറഞ്ഞു. ദിവ്യയും കുഞ്ചാക്കോ ബോബനും അഭിനയിച്ച ' അറിയിപ്പ് ' ( 2022 ) പ്രശസ്തമായ ലൊക്കാർനോ ഫിലിംഫെസ്റ്റിവലിൽ ഗോൾഡ‌ൻ ലെപ്പേർഡ് പുരസ്കാരത്തിനായി മത്സരിച്ചിരുന്നു. ഓഡീഷനിലൂടെയാണ് ദിവ്യയും കനിയും തിരഞ്ഞെടുക്കപ്പെട്ടത്. മുംബയിലും രത്നഗിരിയിലുമായിട്ടായിരുന്നു ചിത്രീകരണം. മലയാളത്തിൽ നിന്ന് അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരും ആനന്ദ് സ്വാമി ( തമിഴ് ), ചായ കഥം, ലവ്‌ലീൻ മിശ്ര ( ഹിന്ദി ) എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.