
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. പുൽവാമയിലെ ഫ്രാസിപൊരയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.മേഖലയിൽ ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു.
പുൽവാമയിലെ അർഷിപൊരയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിശോധനയ്ക്കിടെ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തു. സേന തിരിച്ചടിച്ചു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു. കാശ്‌മീർ പൊലീസ്, സി.ആർ.പി.എഫ്, സുരക്ഷാ സേന എന്നിവരുടെ സംയുക്ത ഓപ്പറേഷനാണ് നടന്നത്.
മൂന്ന് പേർ അറസ്റ്റിൽ
അതിനിടെ, ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാസേനയും നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്. ഇവരുടെ പക്കൽ നിന്ന് ഗ്രനേഡുകളുൾപ്പെടെ കണ്ടെടുത്തു.
പ്രതികൾ പൊലീസിന്റെയും സുരക്ഷാസേനയുടെയും നീക്കങ്ങങ്ങൾ ഭീകരരെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ അടക്കം നിരവധി വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു.