
മഥുര: റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാരോട് ചേർന്ന് ഉറങ്ങുംപോലെ കിടക്കും. യാത്രക്കാർ ഗാഢനിദ്രയിലാണെന്ന് ഉറപ്പാകുമ്പോൾ മോഷണം. 21കാരനായ അവിനാഷ് സിംഗിനെ പിടികൂടാൻ ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് കുറേ പണിപ്പെട്ടു.
പഴ്സ്, മൊബൈൽ ഫോൺ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി നിരവധി പരാതികളാണ് മഥുര റെയിൽവേ പൊലീസിന് ലഭിച്ചത്. സ്റ്റേഷനിലെ പലഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആദ്യം തുമ്പൊന്നും ലഭിച്ചില്ല. സൂക്ഷ്‌മമായ പരിശോധനയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം 'കിടന്നുറങ്ങി" സാധനങ്ങൾ കക്കുന്ന വിരുതനെ കണ്ടെത്തിയത്.
തറയിൽ നിരന്നുകിടക്കുന്ന യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ചു കിടക്കും. പതിയെ ഒരാളുടെ അടുത്തേക്ക് നീങ്ങും. കുറച്ചുനേരം അങ്ങനെ കിടക്കും.
എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയ ശേഷം സമീപത്ത് കിടക്കുന്ന ആളുടെ പോക്കറ്റിൽ നിന്ന് കിടന്നുകൊണ്ടുതന്നെ മൊബൈൽ ഫോൺ ഉൾപ്പെടെ കവരും.
യാത്രക്കാരനെ ഉണർത്താതെ മോഷ്ടാവ് ഫോൺ കൈക്കലാക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. പിന്നീട് അടുത്ത ആളിനടുത്തേക്ക്. അവിടെയും ഉറക്കം നടിച്ചുകിടക്കും.
സമാനമായ രീതിയിൽ മോഷണം. മോഷ്ടാവിനെ തിരിച്ചറിഞ്ഞ റെയിൽവേ പൊലിസ് അധികം വൈകാതെ ഇയാളെ പിടികൂടി. അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായാണ് ഇയാൾ പറയുന്നത്. ഒരു ഫോൺ മാത്രമാണ് കണ്ടെടുത്തത്. അന്വേഷണം തുടരുകയാണ്.