
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യവസായില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഹേമന്ത് കുമാര്‍ റായ് എന്ന വ്യവസായില്‍ നിന്നാണ് മൂന്നംഗ സംഘം ഒരു കോടി രൂപ തട്ടിയെടുത്ത്. പ്രധാനമന്ത്രിയെ കുറിച്ച് ഒരു സിനിമ ചിത്രീകരിക്കാന്‍ എന്ന് പറഞ്ഞായിരുന്നു സികന്ദര്‍ ഖാന്‍, സഞ്ജയ് സിംഗ്, സബീര്‍ ഖുറേഷി എന്നിവര്‍ വ്യവസായിയായ ഹേമന്തിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹേമന്ത് പ്രതികളെ പരിചയപ്പെട്ടത്.
യൂട്യൂബില്‍ പാട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു കമ്പനി നടത്തിവരികയായിരുന്നു വ്യവസായി. ഇതിനിടെയാണ് പ്രതികള്‍ അദ്ദേഹത്തെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോദിയെക്കുറിച്ച് സിനിമ ചെയ്യാനായി തങ്ങള്‍ക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ഇവര്‍, ചിത്രം പൂര്‍ത്തിയാക്കാന്‍ ഇനി പത്ത് ദിവസം കൂടി വേണമെന്നും പറഞ്ഞു. പക്ഷെ ഈ ദിവസങ്ങളിലെ സിനിമയുടെ ഷൂട്ടിങ്ങിനായി ഒരു കോടി രൂപ ആവശ്യമാണെന്നും ഇവര്‍ ഹേമന്തിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
സിനിമയുടെ കളക്ഷനില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 25ശതമാനം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പണം കൈപ്പറ്റിയത്. തുടര്‍ന്ന് ഒരു വ്യാജ കരാര്‍ ഉണ്ടാക്കിയ ശേഷം പണം വാങ്ങുകയും ചെയ്തു.മാസങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ ഷൂട്ടിംങ് ആരംഭിക്കാതിരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഹേമന്തിനെ ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. ഒടുവില്‍ ഖുറേഷിയെ നേരില്‍ കണ്ട ഹേമന്ത് സിനിമയ്ക്ക് ഇനി തനിക്ക് താല്‍പര്യമില്ലെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ കരാര്‍ ദിനം കഴിഞ്ഞതിനാല്‍ പൊലീസില്‍ പരാതിപ്പെടുമെന്നും പറഞ്ഞു.
പണത്തിന് പകരം പ്രതികള്‍ ചെക്ക് നല്‍കിയെങ്കിലും പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി ചെക്ക് സമര്‍പ്പിച്ചപ്പോള്‍ ഇത് മടങ്ങുകയായിരുന്നു. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ഹേമന്തിന് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നുപേര്‍ക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തിയ പൊലീസ് അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും മറ്റാരെങ്കിലും സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.