
രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് വിജയം നൽകിയത് റാഷിദ് ഖാന്റെ ആൾറൗണ്ട് മികവ്, റാഷിദ് മാൻ ഒഫ് ദ മാച്ച്
ജയ്പുർ : സഞ്ജു സാംസണെയും സംഘത്തെയും സീസണിൽ ആദ്യമായി തോൽവിയുടെ കയ്പുനീർ കുടിപ്പിച്ച ബൗണ്ടറി നേടിയ ശേഷം ഗ്രൗണ്ടിലേക്ക് വിരൽചൂണ്ടി താൻ ഇവിടെത്തന്നെയുണ്ടെന്ന് ദ്യോതിപ്പിക്കുന്ന ആംഗ്യം കാട്ടിയാണ് ഗുജറാത്തിന്റെ അഫ്ഗാൻ ആൾറൗണ്ടർ റാഷിദ് ഖാൻ വിജയം ആഘോഷിച്ചത്. ഈ സീസണിൽ തന്റെ പ്രാധാന്യം തെളിയിക്കുവാൻ കഴിയാതിരുന്ന റാഷിദ് രാജസ്ഥാനെതിരെ കിട്ടിയ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ റാഷിദ് അവസാന സമയത്ത് ചേസിംഗിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് ഒരുപക്ഷേ അസാദ്ധ്യമെന്ന് കരുതിയ ഗുജറാത്തിന്റെ വിജയം സാദ്ധ്യമായത്.
4-0-18-1
റയാൻ പരാഗും(76) സഞ്ജുവും (68*) അർദ്ധസെഞ്ച്വറികളുമായി നിറഞ്ഞാടിയ മത്സരത്തിൽ ഗുജറാത്ത് ബൗളിംഗ് നിരയിൽ തിളങ്ങിയത് റാഷിദ് മാത്രമായിരുന്നു. നാലോവറിൽ 18 റൺസ് മാത്രമാണ് റാഷിദ് വിട്ടുകൊടുത്തത്. ജോസ് ബട്ട്‌ലറുടെ നിർണായക വിക്കറ്റും വീഴ്ത്തി. 4.50 മാത്രമായിരുന്നു റാഷിദിന്റെ ഇക്കോണമി റേറ്റ്. മറ്റുള്ള ബൗളർമാരുടെയെല്ലാം എക്കോണമി റേറ്റ് 9ന് മുകളിലായിരുന്നു എന്നറിയുമ്പോഴാണ് റാഷിദിന്റെ മികവിന് തിളക്കമേറുന്നത്.
ചേസിംഗ് ഹീറോ
ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗില്ലും ഓപ്പണർ സായ് സുദർശനും (35) ചേർന്ന് 8.2 ഓവറിൽ 64 റൺസടിച്ച് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീണതോടെ ചേസിംഗ് മന്ദഗതിയിലായി. 44 പന്തുകളിൽ ആറുഫോറുകളും രണ്ട് സിക്സുകളുമടക്കം 72 റൺസ് നേടിയ ഗിൽ 16-ാം ഓവറിൽ പുറത്താകുമ്പോൾ ടീം 133/5 എന്ന നിലയിലായിരുന്നു. തുടർന്ന് ഷാറൂഖ് ഖാൻ (14) പുറത്തായശേഷം ക്രീസിൽ ഒരുമിച്ച രാഹുൽ തേവാത്തിയയും റാഷിദ് ഖാനും കളിയുടെ ഗതി മാറ്റുകയായിരുന്നു. ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ അഞ്ചാം പന്തിൽ തേവാത്തിയ പുറത്തായെങ്കിലും അവസാന പന്തിൽ ഫോറടിച്ച് റാഷിദ് വിജയത്തിൽ എത്തിക്കുകയായിരുന്നു.11 പന്തുകൾ നേരിട്ട റാഷിദ് നാലുഫോറടക്കമാണ് 24 റൺസുമായി പുറത്താകാതെ നിന്നത്.
ചിരിച്ചതും കരഞ്ഞതും
കുൽദീപ് സെൻ
നാലോവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നാണ് ഗുജറാത്തിന് ഭീഷണി ഉയർത്തിയത്. ഒൻപതാം ഓവറിൽ സായ് സുദർശനെ എൽ.ബിയിൽ കുരുക്കിയ കുൽദീപ് 11-ാം ഓവറിൽ മാത്യു വേഡിന്റെയും (4) , അഭിനവ് മനോഹറിന്റേയും (1) കുറ്റി പിഴുത് ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ സെൻ എറിഞ്ഞ 19-ാം ഓവറിൽ 20 റൺസ് വിട്ടുകൊടുത്തതോടെയാണ് ഗുജറാത്തിലേക്ക് വിജയപ്രതീക്ഷ തിരിച്ചെത്തിയത്. ആദ്യ മൂന്നോവറിൽ 21 റൺസ് മാത്രം വഴങ്ങിയിരുന്ന കുൽദീപിന് അവസാനം സമ്മർദ്ദം മറികടക്കാനായില്ല. 19-ാം ഓവറിൽ രണ്ട് വൈഡും ഒരു നോബാളും എറിഞ്ഞ സെൻ തേവാത്തിയയേയും റാഷിദിനേയും ആത്മവിശ്വാസത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
അവസാന മൂന്നോവറിൽ ഒരു സിക്സ് പോലും അടിക്കാതെയാണ് ഗുജറാത്ത് ടൈറ്റാൻസ് 44 റൺസ് നേടിയത്.
ഒരു ക്യാപ്ടനെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ ജോലി തോറ്റതിന് പിന്നാലെ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഉത്തരം നൽകലാണ്. അവസാന പന്തിൽ അവർക്ക് ജയിക്കാൻ ഒരു റൺസ് വേണമായിരുന്നു. അവർ ഫോറടിച്ചു ജയിച്ചു എന്നേ ഇപ്പോൾ പറയാനാകൂ.കുറച്ചുനേരം കഴിഞ്ഞ് മനസൊന്ന് ശാന്തമാകുമ്പോൾ എല്ലാവരും ചേർന്നിരുന്ന് സംഭവിച്ച പിഴവുകൾ വിലയിരുത്തും.
- സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞത്.