revanth-reddy

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുമെന്ന് ബിആര്‍എസ് നേതാവ് കെ.ടി രാമറാവു. ഇക്കാര്യം താന്‍ ഇതുവരെ 15 തവണ പരസ്യമായി പറഞ്ഞുവെന്നും എന്നാല്‍ എല്ലാ ചെറിയ കാര്യങ്ങള്‍ക്കും പ്രതികരിക്കുന്ന രേവന്ത് റെഡ്ഡി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കെ.ടി.ആര്‍ ചോദിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഉടനെ പാര്‍ട്ടി വിടാനാണ് രേവന്ത് പദ്ധതിയിട്ടിരിക്കുന്നതെന്നും ഒപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖനായ മറ്റൊരു കോണ്‍ഗ്രസ് നേതാവും ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോള്‍ മുതിര്‍ന്ന സഹോദരനാണ് മോദിയെന്നാണ് രേവന്ത് പറയുന്നത്. ഗുജറാത്തിന്റെ വികസനം മാതൃകയാക്കി തെലങ്കാന മുന്നേറണമെന്നും രേവന്ത് പറഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നിലയും കെടിആര്‍ പ്രവചിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്താകെ 50 സീറ്റുകള്‍ കടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം, സെക്കന്തരാബാദില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍, താന്‍ എക്കാലവും കോണ്‍ഗ്രസില്‍ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ കെടിആര്‍ രേവന്ത് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയില്‍ ചേരുമെന്ന ആരോപണത്തിലും റെഡ്ഡി മൗനം പാലിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും കെടിആര്‍ ചോദിച്ചു.