
മുംബയ്: ആദ്യം ആര്‍സിബിയുടെ സാമ്പിള്‍ വെടിക്കെട്ട്, പിന്നെ മുംബയ് ഇന്ത്യന്‍സിന്റെ വക യഥാര്‍ത്ഥ വെടിക്കെട്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു - മുംബയ് ഇന്ത്യന്‍സ് മത്സരത്തെ ഇങ്ങനെ വിലയിരുത്താം. ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 27 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മുംബയ് ഇന്ത്യന്‍സ് മറികടന്നത്. സീസണില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബയുടെ രണ്ടാം ജയമാണിത്. ആറ് മത്സരങ്ങള്‍ കളിച്ച ആര്‍സിബിയുടെ അഞ്ചാം തോല്‍വിയും.
സ്‌കോര്‍: ബംഗളൂരു 196-8 (20), മുംബയ് 199-3 (15.3)
197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ്ക്കായി തകര്‍പ്പന്‍ തുടക്കമാണ് ഇഷാന്‍ കിഷന്‍ 69(34), രോഹിത് ശര്‍മ്മ 38(24) സഖ്യം നല്‍കിയത്. ആര്‍സിബി ബൗളര്‍മാരെ തിരഞ്ഞ്പിടിച്ച് തല്ലിയ പവര്‍പ്ലേയില്‍ 72 റണ്‍സാണ് 'ഇസ്രോ' നേടിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 പന്തില്‍ 101 റണ്‍സ് ചേര്‍ത്തു. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് 17 പന്തില്‍ ഹാഫ് സെഞ്ച്വറി തികച്ചു. 19 പന്തില്‍ 52 റണ്‍സ് നേടിയാണ് താരം പുറത്തായത്.
15 സിക്‌സറുകളും, 18 ഫോറുകളുമാണ് മുംബയ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 21*(6), തിലക് വര്‍മ്മ 16*(10) എന്നിവര്‍ പുറത്താകാതെ നിന്നു. ആര്‍സിബിക്കായി വിജയകുമാര്‍ വൈശാഖ്, വില്‍ ജാക്‌സ്, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് 61(40), രജത് പാട്ടിദാര്‍ 50(26), ദിനേശ് കാര്‍ത്തിക് 53*(23) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. വിരാട് കോഹ്ലി 3(9), വില്‍ ജാക്‌സ് 8(6), ഗ്ലെന്‍ മാക്‌സ്‌വെല്‍ 0(4) മഹിപാല്‍ ലോംറോര്‍ 0(1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മികച്ച ബാറ്റിംഗ് പിച്ചില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മുംബയ് പേസര്‍ ജസ്പ്രീത് ബുംറ തന്റെ മികവ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങിയാണ് ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.