
മലയാലികളുടെ ഭക്ഷണ ശീലങ്ങളിലെ പ്രധാന സാന്നിദ്ധ്യമാണ് ചീര. വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായുള്ള ചീര ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.എന്നാൽ മുടിയുടെ ആരോഗ്യത്തിനും ചീര മികച്ചതാണ്. മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ ചീര ഫലപ്രദമാണ്.
ചീരയിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഇവയുടെ ഉപയോഗത്തിലൂടെ ശരീരത്തിൽ ഇരുമ്പിന്റെയും ഫോളേറ്റിന്റെയും അളവ് വർദ്ധിപ്പിക്കാം, മുടിയുടെ വളർച്ചയ്ക്ക് ഇവ ആവശ്യമാണ്. ചീര പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മുടി വളരുന്നതിനും സഹായിക്കും. മുടി പൊട്ടിപ്പോകുന്നത് തടയാനും ചീരയുടെ ഉപയോഗത്തിലൂടെ കഴിയും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീര സഹായകമാണ്. ചീരയിലെ വിറ്റാമിൻ എ, സി എന്നിവ സെബം ഉത്പാദനം വർദ്ധിപ്പിക്കുന്നു. ചൊറിച്ചിൽ, തലയോട്ടിയിലെ വരൾച്ച എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു.
ചീര കഴിക്കുന്നതിലൂടെ മുടിക്ക് ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്. സലാഡുകൾ, സ്മൂത്തികൾ, പാകം ചെയ്ത വിഭവങ്ങൾ എന്നിവയിൽ ഇത് ഉൾപ്പെടുത്താം. ഹെയർമാസ്കായും ചീര ഉപയോഗിക്കാം ചീര ഇലകൾ തൈരിലോ ഒലിവ് എണ്ണയിലോ യോജിപ്പിച്ച് ഹെയർ മാസ്കുണ്ടാക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിട്ട് തലയിൽ നിലനിറുത്തണം. അതിന് ശേഷം കഴുകിക്കളയാം.