sundhari

കോലഞ്ചേരി: സന്ധ്യമയങ്ങിയാല്‍ കോലഞ്ചേരി ടൗണിലെ ക്രമസമാധാനം സുന്ദരിയുടെ കൈയില്‍ ഭദ്രം. പത്തുവര്‍ഷമായി തുടരുന്ന നൈറ്റ് ഡ്യൂട്ടിക്കിടയില്‍ അപരിചിതശബ്ദം, അസ്വഭാവികമായ പെരുമാറ്റം, പരിചിതരല്ലാത്ത മുഖങ്ങള്‍, തന്റെ ക്യാച്ച്‌മെന്റ് ഏരിയയിലെ കടന്നുകയറ്റം തുടങ്ങിയവ സുന്ദരി നിരീക്ഷിക്കും. ആരാണീ സുന്ദരിയെന്നല്ലേ ചോദ്യം. 10 വര്‍ഷങ്ങള്‍ക്കപ്പുറം തെരുവിന്റെ സന്തതിയായി എത്തിയതാണ് ഈ ലാബ്‌ക്രോസ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടി. ടൗണിലെത്തിയ ഇവള്‍ പിന്നീട് ഇവിടം വിട്ടില്ല. ഇന്ന് കോലഞ്ചേരിക്കാരുടെ കണ്ണിലുണ്ണിയാണ്.

സുരക്ഷയാണ് പ്രഥമകൃത്യം

സുന്ദരിയുടെ ഒരുദിവസം തുടങ്ങുന്നത് കോലഞ്ചേരി ടാക്‌സി സ്റ്റാന്‍ഡിനടുത്താണ്. എന്നും പുലര്‍ച്ചെ പതിവ് ചായ കുടിക്കാനെത്തുന്ന വൃദ്ധരടക്കമുള്ളവരുടെ സുരക്ഷയാണ് പ്രഥമകൃത്യം. പതിവുകാര്‍ ഓരോ ചെറിയ പൊതിയുമായാണ് വരവ്. അതിലൊരു പങ്ക് സുന്ദരിക്കാണ്. സമയം 8.30 ആകുന്നതോടെ കടകള്‍ തുറക്കാനായി ഉടമകള്‍ എത്തുന്നതോടെ രാത്രികാവല്‍ തീരും. കടക്കാരുടെ വകയുള്ള ട്രീറ്റ് കഴിയുന്നതോടെ അടുത്ത ഡ്യൂട്ടിക്കായി കെന്നഡി ടെക്സ്റ്റയില്‍സിനടുത്തേയ്ക്ക് മാറും. ഉച്ചവരെ അവിടത്തെ കാര്യങ്ങള്‍ നോക്കിയശേഷം ചിക്കന്‍കൂട്ടിയുള്ള ഉച്ചഭക്ഷണമാണ്. ടൗണിലെ ചുമട്ട് തൊഴിലാളിയായ ബെന്നിയുടെ വകയാണിത്. കോലഞ്ചേരി പള്ളിക്കുസമീപം ഭക്ഷണവുമായി വരുന്ന സമയം കൃത്യമായി അറിയാവുന്ന സുന്ദരി അവിടെ ഹാജരുണ്ടാകും. മറ്റ് നായ്ക്കളുടെ കൂട്ടായ അക്രമം ഉണ്ടാകാതിരിക്കാന്‍ ഭക്ഷണം കഴിയുംവരെ ബെന്നിയുടെ കാവലുമുണ്ട്. പിന്നീട് പള്ളിക്കുസമീപം വിശ്രമം. അതിനുശേഷമുള്ള പതിവ് കറക്കങ്ങള്‍ കഴിഞ്ഞ് രാത്രി കടകള്‍ അടയ്ക്കാന്‍ തുടങ്ങുന്നതോടെ അവള്‍ കാര്‍ സ്റ്റാന്‍ഡിന് സമീപമെത്തും. പുലര്‍ച്ചവരെ നൈറ്റ് ഡ്യൂട്ടി ഇവിടെയാണ്. പൂട്ടിയ കടകളുടെ ഷട്ടറില്‍ ആരെങ്കിലും തൊട്ടാല്‍ കുരച്ച് പാഞ്ഞടുക്കും. ഫ്രീക്കന്മാര്‍ സൈലന്‍സര്‍ മാറ്റിയ വണ്ടിയുമായി എത്തി ടൗണില്‍ നിറുത്തിയാല്‍ തൊട്ടുപിന്നാലെ സുന്ദരിയുണ്ടാകും. വണ്ടി എടുത്തുകൊണ്ട് പോകുംവരെ കുരച്ച് ബഹളമുണ്ടാക്കി പ്രതിരോധം തുടരും. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവര്‍ക്കും പൂസായി കടയ്ക്കു മുന്നില്‍ കിടക്കാമെന്ന് കരുതുന്നവര്‍ക്കും രക്ഷയില്ല.

സുന്ദരിയെ സുന്ദരിയാക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുമുണ്ട് ഇവള്‍ക്ക് ആരാധകര്‍. പൊട്ടുതൊടീച്ച് മാലയിട്ട് സുന്ദരിയാക്കുന്നത് ഇവരാണ്. ആ പണി കഴിഞ്ഞാല്‍ ഐസ്‌ക്രീം കിട്ടും. പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പുകളും വാക്‌സിനുകളും ദയ പ്രവര്‍ത്തകരുടെ വകയാണ്. അസുഖംവന്നാല്‍ ചികിത്സയും ഉറപ്പാക്കും. കോലഞ്ചേരിയുടെ സുന്ദരിയെ ഒടുവില്‍ 'സില്‍മേലു'മെടുത്തു. എന്റെ കോലഞ്ചേരി സംരംഭകനായ മധു വിശാഖ് ഒരുക്കുന്ന ബെല്ല ഷോര്‍ട്ട് ഫിലിമിലെ നായികയാണിവള്‍. ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.