f

ദീർഘകാലത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നു വിരമിച്ച എഴുത്തുകാരനും ഗവേഷകനും വിമർശകനുമായ

ഡോ. എ,​എം. ഉണ്ണിക്കൃഷ്ണന്റെ അക്ഷരസഞ്ചാരം പുതിയ തലമുറയ്ക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഒരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ സാർത്ഥക ജീവിതം വിലയിരുത്തുമ്പോൾ...

ഭാഷാദ്ധ്യാപനത്തിന്റെയും സാഹിത്യ വിമർശനത്തിന്റെയും ഗവേഷണ മാർഗദർശിത്വത്തിന്റെയും സാംസ്‌കാരിക പ്രവർത്തനത്തിന്റെയും എഡിറ്റിംഗിന്റെയും അക്കാദമിക​- അനക്കാദമിക നേതൃത്വത്തിന്റെയും വൈവിദ്ധ്യമാർന്ന മണ്ഡലങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ ദീർഘകാല സേവനത്തിനുശേഷം കേരള സർവകലാശാലയിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചു.

തിരുവനന്തപുരത്ത്,​ ബാലരാമപുരം പേഴൂർക്കോണത്ത് ലക്ഷ്മീനിലയത്തിൽ പി. മാധവൻ നായരുടെയും ബി. അരുന്ധതി അമ്മയുടെയും മകനായി 1963 ഒക്ടോബർ 23 നാണ് അദ്ദേഹം ജനിച്ചത്. പിതാമഹൻ, സ്വാതന്ത്ര്യസമര സേനാനിയും അദ്ധ്യാപകനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ശ്രീമൂലം പ്രജാസഭാംഗവും കേരളത്തിലെ തന്നെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ ജ്ഞാനപ്രദായിനി (1909) ഗ്രന്ഥശാലയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന നെയ്യാറ്റിൻകര എ.പി. നായരെന്ന ഉത്പതിഷ്ണുവായിരുന്നു. മാതാമഹനാകട്ടെ,​ ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥ ശിഷ്യരിൽ പ്രമുഖനും ബഹുഭാഷാ പണ്ഡിതനും നിരവധി വേദാന്ത കൃതികളുടെ വ്യാഖ്യാതാവും അദ്വൈതിയുമായ ശ്രീനാരായണ തീർത്ഥപാദരെന്ന മഹാത്മാവും! തന്റെ പൂർവികരോടുള്ള ഋണസമർപ്പണമെന്നോണം,​ ഇരുവരുടെയും ജീവചരിത്രം വെവ്വേറെ കൃതികളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ.


അറിവിന്റെ

നിറവിലേക്ക്

കാട്ടാക്കട ക്രിസ്ത്യൻ കോളേജ്,​ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നുതന്നെ എം.എ. മലയാളം പാസായത് ഒന്നാംറാങ്കോടെയാണ്. പിന്നീട് അതേ സർവകലാശാലയിൽനിന്ന് എംഫിലും പിഎച്ച്.ഡിയും. മികച്ച ഗവേഷകനുള്ള ഡോ. കെ.എം. ജോർജ് പുരസ്‌കാരവും ഉണ്ണിക്കൃഷ്ണനെ തേടിയെത്തി. 2009- ൽ യു.ജി.സി റിസർച്ച് അവാർഡും ലഭിച്ചു. സഞ്ചരിച്ച വഴികളിലെല്ലാം സൗമ്യതയുടെ വെളിച്ചം പ്രസരിപ്പിച്ച ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ എന്ന മാതൃകാദ്ധ്യാപകൻ, അക്കാദമിക മേഖലയിലെ കനപ്പെട്ട സംഭാവനകളിലൂടെയും, തന്റെ കുലീനമായ ഇടപെടലുകളിലൂടെയുമാണ് സർവാദരണീയനായി വളർന്നത്.

പ്രിയങ്കരനായ

ഗുരുനാഥൻ

1987- ൽ കോട്ടയം പാമ്പാടി കെ.ജി കോളേജിൽ അദ്ധ്യാപക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് കോട്ടയം ബസേലിയസ് കോളേജ്, കാസർകോട്ടെ കേന്ദ്ര സർവകലാശാല, കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച് അനേകായിരം വിദ്യാർത്ഥികളുടെ പ്രിയങ്കരനായ ഗുരുനാഥനായി. കാസർകോട് കേന്ദ്ര സർവകലാശാലയിലെ മലയാള വിഭാഗം സ്ഥാപകാദ്ധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം സ്തുത്യർഹമായിരുന്നു. നിരന്തര പരിശ്രമവും ആസൂത്രണ ബുദ്ധിയും സമന്വയിപ്പിച്ച്, ശൂന്യതയിൽ നിന്ന് ഒരു ഭാഷാവകുപ്പിനെ അഭികാമ്യമാം വിധം കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന് കാട്ടിത്തരികയായിരുന്നു,​ ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ.


കേരള ഭാഷാ ഇൻസ്റ്റിറ്ര്യൂട്ട് അസി. ഡയറക്ടർ എന്ന നിലയിലും വിജ്ഞാന കൈരളി എഡിറ്റർ എന്ന നിലയിലും ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ പ്രവർത്തിച്ച കാലഘട്ടത്തിലും ഇത്തരമൊരു മികവ് പ്രകടമായിരുന്നു. 2014- 2023 കാലയളവിൽ രണ്ടു തവണ കേരള സർവകലാശാലാ സെനറ്റ് അംഗമായി പ്രവർത്തിക്കുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികൾ അന്താരാഷ്ട്ര പഠന- ഗവേഷണ കേന്ദ്രം കേരള സർവകലാശാല ആരംഭിക്കാൻ കാരണമായതു തന്നെ സെനറ്റ് യോഗത്തിൽ ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം വഴിയായിരുന്നു.

ചിന്തിച്ചുറപ്പിച്ച് എടുത്ത നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും അദ്ദേഹം തയ്യാറായിട്ടില്ല. സംസ്‌കാര വിരുദ്ധമായ ആശയധാരകളോട് ചേർന്നുനിൽക്കുവാനോ അതുവഴി കിട്ടുന്ന അംഗീകാരങ്ങൾക്കും പദവികൾക്കും പിന്നാലെ പോകുവാനോ ഉണ്ണിക്കൃഷ്ണൻ ഒരിക്കലും മുതിർന്നില്ല. അതുകൊണ്ടുതന്നെ,​ ഔദ്യോഗിക ജീവിതത്തിൽ ഒട്ടേറെ തിരസ്‌കാരങ്ങൾക്കും അവഗണനകൾക്കും വിധേയനായിത്തീരുകയും ചെയ്തു. കേരള പഠന വിഭാഗത്തിൽ സീനിയർ പ്രൊഫസറും ഫാക്കൽറ്റി ഒഫ് ഓറിയന്റൽ സ്റ്റഡീസ് ഡീനുമായി പ്രവർത്തിക്കുന്ന തിരക്കേറിയ ഈ ജീവിതഘട്ടത്തിലും ജാഗരൂകതയോടെ അദ്ദേഹം തന്റെ ബഹുവിധ കർമങ്ങൾ അനുഷ്ഠിച്ചുപോരുന്നു.

എഴുത്തിന്റെ

കതിർക്കനം


മലയാളത്തിന് അഭിമാനിക്കാവുന്ന ഒട്ടനേകം കൃതികൾ ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്റെ ഭാഷാ,​ സാഹിത്യ മണ്ഡലങ്ങളിലെ അശ്രാന്തപരിശ്രമത്തിന്റെ സദ്ഫലങ്ങളായി നമുക്കു ലഭ്യമാണ്. ദുർഗ്രഹതയുടെയും പാണ്ഡിത്യ ഗർവിന്റെയും കറ തെല്ലും പുരളാത്ത ഈ കൃതികളിൽ കാണുന്ന നല്ല മലയാള ശൈലിയും പാകശാലിത്വമാർന്ന വാദമുഖങ്ങളും ഈ വിമർശകന്റെ ചിന്താപരമായ തെളിമയുടെ തെളിവു കൂടിയാണ്. ചട്ടമ്പിസ്വാമി വിജ്ഞാനീയത്തിന്റെ ആഴവും പരപ്പും മലയാളികളെ ബോദ്ധ്യപ്പെടുത്തുന്നതിൽ ഇത്രയും ശാസ്ത്രീയമായും ഫലപ്രദമായും പ്രവർത്തിച്ച മറ്റൊരാളില്ലെന്ന് നിസ്സംശയം പറയാം. ബാലാമണിഅമ്മ പഠനങ്ങൾ, മലയാള ഭാഷാ പഠനങ്ങൾ തുടങ്ങി ഇരുപതിലേറെ കൃതികളും ആഗമസാരസരണി, ഡി.ഇ.കെ റിസർച്ചർ, വിജ്ഞാന കൈരളി എന്നീ ജേർണലുകളും ആ എഡിറ്റിംഗ് വൈദഗ്ധ്യത്തിന്റെ മേന്മ ഉൾക്കൊണ്ടവയാണ്.


കേരള സർവകലാശാലയുടെ അക്കാദമിക് എക്‌സലൻസ് അവാർഡ്, മികച്ച കലാലയാദ്ധ്യാപകനുള്ള പ്രൊഫ. എസ്. ശിവപ്രസാദ് പുരസ്‌കാരം, സർവകലാശാലാ അദ്ധ്യാപകർക്കുള്ള ഡോ. എൻ.എ കരീം പുരസ്‌കാരം, അക്ഷരമുദ്ര പുരസ്‌കാരം, ഡോ. കെ. ഗോദവർമ പുരസ്‌കാരം, കേരളവർമ പുരസ്‌കാരം, മലയാറ്റൂർ നിരൂപണസാഹിത്യ പുരസ്‌കാരം, തപസ്യ ദുർഗാദത്ത പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികളിൽ ചിലതു മാത്രം. ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്റെ കർമ്മശക്തി കേരളം കൂടുതൽ കൂടുതൽ ഇനി കാണാനിരിക്കുകയാണ്.


(ലേഖകൻ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവിയും,​ ഗോവ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമാണ്. മൊബൈൽ: 94469 24327)