mussavir-hussain-shazib

ബംഗളൂരു: രാമേശ്വരം സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്‌തു. മുസാവിർ ഹുസൈൻ ഷാസിബ്, അബ്‌ദുൾ മത്തീൻ താഹ എന്നിവരെയാണ് പിടികൂടിയത്. സ്‌ഫോടനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

മുസാവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ സ്‌ഫോടക വസ്‌തു വച്ചത്. സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരൻ അബ്‌ദുൾ മത്തീൻ താഹയാണെന്നും എൻഐഎ പറഞ്ഞു. ഇരുവരും 2020ൽ നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് തിരയുന്നവരാണ്.

വ്യാജ തിരിച്ചറിയൽ രേഖകൾ കൈവശം വച്ചുകൊണ്ടാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് എൻഐഎ അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസുകാരും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായതെന്നും എൻഐഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്.

മാർച്ച് 29ന് തീവ്രവാദ വിരുദ്ധ ഏജൻസി, രണ്ട് പ്രതികളുടെയും ചിത്രങ്ങളും വിശദാംശവും പുറത്തുവിട്ടിരുന്നു. പ്രതികളെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തു.

ഒഴിവിൽ കഴിഞ്ഞിരുന്നപ്പോൾ 'മുഹമ്മദ് ജുനെദ് സെയ്ദ്' എന്ന പേരാണ് ഷാസിബ് ഉപയോഗിച്ചിരുന്നത്. വിഘ്‌നേഷ് എന്ന പേരിലുള്ള തിരിച്ചറിയൽ രേഖകളും വ്യാജ ആധാർ കാർഡുമാണ് താഹ ഉപയോഗിച്ചിരുന്നതെന്നും എൻഐഎ പറഞ്ഞു. ഇവരുടെ കൂട്ടാളി ചിക്കമംഗളൂരു സ്വദേശി മുസമ്മിൽ ഷെരീഫിനെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു.

മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ പ്രശസ്‌തമായ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടക്കുന്നത്. പത്തുപേർക്ക് പരിക്കേറ്റിരുന്നു. നേരത്തേ കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന നിർദേശവുമായി എൻഐഎ രംഗത്തെത്തിയിരുന്നു. രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിലായെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു കർശന നിർദേശം പുറത്തുവിട്ടത്.

സായ് പ്രസാദ് എന്ന ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തെന്നും ഇയാളെ എൻഐഎ ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു നേരത്തേ പുറത്തുവന്ന വാർത്ത. ഇതോടെ ബിജെപി നേതൃത്വത്തിനെതിരെ കർണാടക കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. സ്‌ഫോടനക്കേസിൽ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്സിലെ കുറിപ്പിലൂടെ ചോദിച്ചിരുന്നു.