shivada

താരനും മുടി കൊഴിച്ചിലും അകറ്റാനും, മുടിയ്ക്ക് നല്ല കണ്ടീഷൻ കിട്ടാനും, മാനസിക സമ്മർദം അകറ്റാനും, ആരോഗ്യമുള്ള ശിരോചർമത്തിനുമൊക്കെയായിട്ടാണ് നമ്മൾ ബ്യൂട്ടിപാർലറുകളിൽ പോയി ഹെയർ സ്പാ ചെയ്യുന്നത്.

യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, പോക്കറ്റ് കാലിയാകാതെ മുടികൊഴിച്ചിലും താരനുമൊക്കെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഇപ്പോഴിതാ വീട്ടിലുണ്ടാക്കാൻ പറ്റിയ കിടിലൻ ഹെയർ സ്‌പായുമായി എത്തിയിരിക്കുകയാണ് നടി ശിവദ.

ആഴ്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ മൂന്ന് നാല് മാസത്തിനുള്ളിൽ നല്ല റിസൽട്ട് കിട്ടുമെന്ന് ശിവദ പറയുന്നു. ബേബി ഹെയറുകൾ വന്നുതുടങ്ങുമെന്നും നടി കൂട്ടിച്ചേർത്തു. ഓരോ ബ്യൂട്ടിപാർലറിലും പല വിലയാണ് ഹെയർ സ്പായ്ക്ക് ഈടാക്കുന്നത്. എന്നാലും കുറഞ്ഞത് 600 രൂപയെങ്കിലും പോകുമെന്ന് ഉറപ്പാണ്.

തേങ്ങാപ്പാൽ മാത്രമേ ഈ ഹെയർ സ്‌പാ ഉണ്ടാക്കാൻ ആവശ്യമുള്ളൂ. തന്റെ യൂട്യൂബ് ചാനലിലൂടെ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ശിവദ കാണിച്ചുതരുന്നുണ്ട്.


തയ്യാറാക്കുന്ന വിധം

തേങ്ങാപ്പാൽ എടുക്കുക (ഒന്നാം പാലും രണ്ടാം പാലും വേണം). അധികം വെള്ളം ചേർക്കരുത്. ഇനി ഒരു പാത്രം അടുപ്പത്ത് വച്ച് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക. മീഡിയം തീയിൽ ഇളക്കിക്കൊടുക്കുക. ഒരു പത്ത് മിനിട്ട് ഇങ്ങനെ ചെയ്യുക. ക്രീമിയായി മാറിയാൽ അടുപ്പിൽ നിന്ന് മാറ്റുക. ചൂടാറിയ ശേഷം ശിരോചർമത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. നീരിറക്കമുള്ളവർ ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കണം.