
നേപ്പാളിലെ മുക്തിനാഥ് ക്ഷേത്ര യാത്രപോലും ഒരു അനുഭവം. ഹിമശിരസുകളിലേക്ക് മിഴിയുറപ്പിച്ച ബുദ്ധപ്രതിമയും 108 ഋഷഭമുഖങ്ങളിലൂടെ പതിക്കുന്ന കാളി ഗണ്ഡകി നദിയിലെ പുണ്യതീർത്ഥവുമൊക്കെചേർന്ന് മറക്കാത്ത യാത്രാനുഭവം നല്കുന്ന മുക്തിനാഥിലേക്ക്...
യാത്രയ്ക്കായി നേപ്പാളിലെ മുക്തിനാഥ് തിരഞ്ഞെടുക്കുമ്പോൾ മനസിൽ മരണം മണക്കുന്ന വഴികളും മഞ്ഞുപെയ്യുന്ന മരങ്ങളുമായിരുന്നു. ലോകത്തെ ഏറ്റവും അപകടംപിടിച്ച സാഹസിക ബസ് റൂട്ടുകളിൽ ഇടം പിടിച്ചതാണ് നേപ്പാളിലെ പൊഖറയിൽ നിന്ന് മുക്തിനാഥിലേക്കുള്ള പാത! പൊഖറയിൽ നിന്ന് ഒരു പകലിന്റെ യാത്രയുണ്ട്, മുക്തിനാഥിലേക്ക്. ബസ് ഓടിത്തുടങ്ങുമ്പോൾ ഞങ്ങൾ കുറച്ചുപേർ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഓരോ സ്റ്റോപ്പുകളിൽ നിന്നായി ആളുകളും അതിലേറെ വസ്തുവകകളുമായി ബസ് നിറഞ്ഞു.
പച്ചക്കറികൾ, പലചരക്കുകൾ, മരത്തടികൾ, കമ്പികൾ, അകത്ത് എന്താണെന്നറിയാത്ത വലിയ കെട്ടുകൾ, കോഴിക്കുഞ്ഞുങ്ങളടങ്ങിയ പെട്ടികൾ.... അങ്ങനെ പലതും. ചായ കുടിക്കാനും മറ്റുമായി ബസിനു പുറത്തിറങ്ങണമെങ്കിൽ ഈ ലഗേജുകൾക്കു മുകളിലൂടെ ചാടി മറിയണം. ബസിന്റെ പകുതിയോളം ഉയരത്തിൽ,അതിന്റെ മുകൾഭാഗത്തും ലഗേജുണ്ട്. നഗരവും ഗ്രാമങ്ങളും പിന്നിട്ട് ബസ് പോവുമ്പോൾ ഇതിലെന്താ ഇത്ര സാഹസികത എന്നാണ് ആദ്യം തോന്നിയത്. ഉച്ചകഴിഞ്ഞപ്പോഴേക്ക് തണുപ്പ് കൂടി, പ്രകൃതി മാറിത്തുടങ്ങി. ഭംഗിയുള്ള നീലപ്പുഴയും കരിങ്കല്ലുപോലെ ഉറപ്പുള്ള വലിയ മലകളും പ്രത്യക്ഷപ്പെട്ടു.

റോഡുകൾ ഇല്ലാതായിരുന്നു. കഷ്ടിച്ച് ഒരു ബസിനു മാത്രം പോകാൻ പറ്റുന്ന ചെറുപാത. ഒരു വശം ഗർത്തവും മറുവശത്ത് റോഡിലേക്ക് തള്ളിനിൽക്കുന്ന പാറയും. ഇതിനിടയിലൂടെ ബസ് നീങ്ങുമ്പോൾ ഉള്ളിലൊരു ഭയവും അതിലുപരി സന്തോഷവുമായിരുന്നു. എല്ലാവരും തിരഞ്ഞെടുക്കുന്ന വഴിയിലൂടെയല്ലല്ലോ ഞങ്ങളുടെ യാത്ര! ലോകത്തെ പ്രമുഖ ട്രക്കിംഗ് കേന്ദ്രമായ അന്നപൂർണ ബേസ് ക്യാപിലേക്കും ഇതുവഴി തന്നെയാണ് പോവുന്നത്. ഇടയ്ക്കായി പൂത്തുകിടക്കുന്ന ഓറഞ്ചുതോട്ടങ്ങളും മഞ്ഞുമലകളും മനം കവരും.
നേപ്പാളിലെ മുസ്താംഗ് ജില്ലയിലാണ് മുക്തിനാഥ് ക്ഷേത്രം. മുസ്താംഗ് ജില്ലയെ ലോവർ മുസ്താംഗ് എന്നും അപ്പർ മുസ്താംഗ് എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. അപ്പർ മുസ്താംഗിലാണ് എവറസ്റ്റ്. ലോവർ മുസ്താംഗിൽ മുക്തിനാഥ്. ഇവിടേക്ക് പ്രവേശനം ലഭിക്കാൻ ഒരാൾക്ക് 1000 രൂപയുടെ പെർമിറ്റ് ആവശ്യമാണ്. വഴിയിലൊരു ഓഫീസുണ്ട്, അവിടെ പണമടച്ച് പെർമിറ്റ് എടുക്കാം. അപ്പർ മുസ്താംഗിലേക്കാണെങ്കിൽ സ്പെഷ്യൽ പെർമിറ്റ് വേണം. മുക്തിനാഥിൽ ബസിറങ്ങി കുറച്ച് നടന്നും പടികൾ കയറിയും വേണം ക്ഷേത്രത്തിലെത്താൻ. നടക്കുന്ന വഴിയിലൊക്കെ ചെറിയ വില്പന സ്റ്റാളുകളും ഭക്ഷണ ശാലകളുമുണ്ട്.

പടികളിൽ ഇടയ്ക്കായി മണികൾ തൂക്കിയിട്ടിരിക്കുന്നു. വിശ്വാസികൾ മണിയടിച്ച് പ്രാർത്ഥനകൾ ചൊല്ലിയാണ് ഓരോ പടവും കയറുന്നത്. പടിക്കെട്ടുകൾ കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് കുതിര സവാരിയുണ്ട്. പണം കൊടുത്താൽ കസേരയിൽ നാലുപേർ ചേർന്ന് എടുത്തു കൊണ്ടുപോവുകയും ചെയ്യും. പടികൾ കടന്നുപോവുന്നതിന്റെ ഒരുവശത്തായി ഹെലിപാഡുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ വന്നിറങ്ങാം.
മുക്തിനാഥ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പഗോഡ ശൈലിയിലാണ്. ക്ഷേത്രത്തിനു പിന്നിലെ ഭിത്തിയിൽ 108 കാള മുഖങ്ങളിലൂടെ വെള്ളം താഴേക്കു പതിക്കുന്നുണ്ട്. ഈ വെള്ളം കാളി ഗണ്ഡകി നദിയിൽ നിന്നാണ് വരുന്നത്. ക്ഷേത്രത്തിനു മുന്നിലായി ചെറിയ രണ്ട് കുളങ്ങൾ. മൈനസ് ഡിഗ്രി തണുപ്പിലും മോക്ഷപ്രാപ്തിക്കായി വിശ്വാസികൾ ഈ കുളത്തിൽ കുളിക്കും. തോറോങ് ലാ പർവതനിരയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 3800 മീറ്റർ ഉയരത്തിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്ന്!

മുക്തിനാഥ് എന്ന പേരിന് മോക്ഷകർത്താവ് എന്ന് അർത്ഥം. മുക്തി ക്ഷേത്രത്തെ മുക്തി ധാം എന്നും വിളിക്കും. മോക്ഷപ്രാപ്തിക്കുള്ള സ്ഥലമാണ് മുക്തിനാഥ് എന്നാണ് വിശ്വാസം. അതായത് ജനന, പുനർജന്മ ചക്രങ്ങളിൽ നിന്നുള്ള മോചനം. ബുദ്ധമതർക്കും ഹിന്ദുമതവിശ്വാസികൾക്കും ഒരുപോലെ പവിത്രമാണ് മുക്തിനാഥ് ക്ഷേത്രം. ടിബറ്റൻ ബുദ്ധമത സ്ഥാപകനായ പദ്മസംഭവ ടിബറ്റിലേക്കുള്ള യാത്രയ്ക്കിടെ ധ്യാനനിരതനായി സമയം ചിലവഴിച്ച സ്ഥലമാണിതെന്ന് ടിബറ്റൻ ബുദ്ധമതക്കാർ വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
വൈഷ്ണവ പാരമ്പര്യമനുസരിച്ച് മുക്തിനാഥ്, 108 ദിവ്യദേശങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവിനെ ആരാധിക്കുന്ന പുണ്യസ്ഥലം. മഞ്ഞിൽ കുളിച്ച ക്ഷേത്രവും മഞ്ഞുമലകളിലേക്ക് മിഴിയുറപ്പിച്ച ബുദ്ധപ്രതിമയും മനസിൽ നിന്ന് ഒരിക്കലും മായാത്ത മനോഹരമായ കാഴ്ചയാണ്. മഞ്ഞിൽ പേരെഴുതിയും, മഞ്ഞ് വാരിയെറിഞ്ഞും, കിടന്നുരുണ്ടും, മരച്ചില്ലകൾ കുലുക്കി മഞ്ഞു പെയ്യിച്ചും ഞങ്ങൾ ആഘോഷിച്ചു. മടക്കയാത്രയിലും മനസിൽ മഞ്ഞുപെയ്യുകയായിരുന്നു.