athishi

ന്യൂഡൽഹി: ഡൽഹിയിൽ ഉടൻതന്നെ രാഷ്‌ട്രപതി ഭരണം നടപ്പാക്കാനാണ് ബിജെപിയുടെ നീക്കമെന്ന ആരോപണവുമായി ഡൽഹി മന്ത്രി അതിഷി മർലീന. രാഷ്‌ട്രപതി ഭരണം നടപ്പാക്കുന്നത് നിയമവിരുദ്ധമാണെന്നും ജനങ്ങളുടെ താൽപ്പര്യത്തിന് എതിരാണതെന്നും അതിഷി പറഞ്ഞു.

'എഎപി സർക്കാരിനെ താഴെയിടുന്നതിന് വേണ്ടി നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേജ്‌രിവാളിന്റെ അറസ്റ്റ്. ഡൽഹിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ഞങ്ങൾക്ക് അറിയാൻ സാധിച്ചിട്ടുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 2015ലും 2020ലും ബിജെപിയെ എഎപി പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് സർക്കാരിനെ താഴെയിറക്കാൻ അവർ ആഗ്രഹിക്കുന്നത്. ' - അതിഷി പറ‌ഞ്ഞു.

'ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന സാദ്ധ്യത സൂചിപ്പിക്കുന്ന നിരവധി സംഭവ വികാസങ്ങൾ അടുത്തിടെ ഉണ്ടായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെയൊന്നും ഡൽഹിയിൽ നിയമിച്ചിട്ടില്ല. പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. മന്ത്രിമാർ വിളിക്കുന്ന യോഗങ്ങളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ല. ഡൽഹി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് ഗവർണർ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് അയയ്ക്കുന്നു.' - അതിഷി ചൂണ്ടിക്കാട്ടി.

എന്നാൽ, അതിഷിയുടെ ഈ വാദത്തെ പ്രതിരോധിച്ചുകൊണ്ട് ബിജെപി ഡൽഹി യൂണിറ്റ് അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ് രംഗത്തെത്തി. അതിഷി പറയുന്നത് തെറ്റായ കാര്യങ്ങളാണ്. ഓപ്പറേഷൻ താമര എന്ന ആം ആദ്‌മിയുടെ പഴയ വാദം അവസാനിപ്പിച്ച് രാഷ്‌ട്രപതി ഭരണം എന്ന പുതിയ വാദം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ഭയം എഎപിയെ പിടികൂടിയിരിക്കുകയാണെന്നും സച്ച്‌ദേവ് പറഞ്ഞു.

അറുപതിലധികം എംഎൽഎമാർ ഉണ്ടായിട്ടും അവരെന്തിനാണ് ഭയക്കുന്നത്. സാങ്കൽപ്പിക കഥകൾ മെനയുന്നതിൽ പ്രാവീണ്യമുള്ള ആളാണ് അതിഷി. ഇത്രയും എംഎൽഎമാർ പാർട്ടി വിട്ടുപോകുമെന്നാണോ അവർ ഭയക്കുന്നത്. അങ്ങനെയെങ്കിൽ അത് അവരുടെ ഭയം മാത്രമാണ്. ഞങ്ങൾക്കിതിൽ ഒന്നും ചെയ്യാനില്ലെന്നും സച്ച്‌ദേവ് കൂട്ടിച്ചേർത്തു.