age

ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യൻ തങ്ങളുടെ രാജ്യത്ത് ജീവിക്കുന്നുണ്ടെന്ന അവകാശവാദവുമായി തെക്കേ അമേരിക്കൻ രാജ്യമായ പെറു രംഗത്ത്. 124 വയസുള്ള മാർസെലീനോ അബദിനെയാണ് പെറു ലോകത്തിന് പരിചയപ്പെടുത്തിയത്.

1900 ത്തിൽ ജനിച്ച ഇദ്ദേഹം നിലവിൽ ഹ്വാനുകോ മേഖലയിൽ താമസിക്കുകയാണെന്ന് പെറു സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു മാർസെലീനോയുടെ 124-ാം പിറന്നാൾ ഇപ്പോഴും ആരോഗ്യവാനാണത്രേ. മാർസെലീനോയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് പെറു.

ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തികളെന്ന പേരിൽ നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ, ഔദ്യോഗിക രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും ഗിന്നസ് അധികൃതർ വ്യക്തമാക്കി.

അടുത്തിടെയാണ്, 111 വയസുള്ള ഒരു ബ്രിട്ടീഷ് പൗരന് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോഡ് ലഭിച്ചത്. ഈ റെക്കോഡ് വഹിച്ചിരുന്ന വെനസ്വേലയിൽ നിന്നുള്ള 114 കാരൻ മരിച്ചതോടെയാണിത്.

ലോകത്ത് ഇന്നേവരെ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തിയെന്ന റെക്കോഡ് 1997 വരെ ഫ്രാൻസിൽ ജീവിച്ചിരുന്ന ജിയാൻ ലൂയി കാൽമന്റിനാണ്. 122 വയസുവരെ ഈ സ്ത്രീ ജീവിച്ചു. പെറുവിയൻ അധികൃതരുടെ വാദം ശരിയെങ്കിൽ മാർസെലീനോ ഈ റെക്കോഡും തകർക്കും.

ചാഗ്‌ല്ല പട്ടണത്തിൽ ജനിച്ച മാർസെലീനോ 2019ലാണ് സർക്കാർ ഐ.ഡിയ്ക്കും പെൻഷനും അർഹത നേടിയത്. പഴങ്ങൾ, ആട്ടിറച്ചി തുടങ്ങിയവ ധാരാളം കഴിക്കുന്നതാണ് മാർസെലീനോയുടെ ആരോഗ്യത്തിന്റെ രഹസ്യമത്രേ.