annamalai

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി - ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബിജെപി സ്ഥാനാര്‍ത്ഥി കെ. അണ്ണാമലയുടെ പ്രചാരണ സമയം നിയമപരമായി അനുവദിച്ചിരിക്കുന്നതില്‍ കൂടുതലാകുന്നുവെന്നതിനെ ചൊല്ലിയാണ് വാക്കേറ്റവും അടിപിടിയും നടന്നത്. വ്യാഴാഴ്ച രാത്രിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാത്രി പത്ത് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ പല ദിവസങ്ങളിലും ഈ സമയപരിധി കഴിഞ്ഞും അണ്ണാമലയുടെ പ്രചാരണം തുടരുന്നുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

പത്ത് മണിക്ക് ശേഷം പ്രചാരണം തുടര്‍ന്നപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും വന്‍ ജനക്കൂട്ടം സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഡിഎംകെ അംഗവും മുന്‍ കോയമ്പത്തൂര്‍ മേയറുമായ ഗണപതി രാജ്കുമാറാണ് കോയമ്പത്തൂരില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ഇത്തവണ ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു.