crime

തിരുവനന്തപുരം: പ്രവാസികളേയും നാട്ടിലുള്ള അവരുടെ ബന്ധുക്കളേയും ലക്ഷ്യമിട്ട് കേരളത്തില്‍ തട്ടിപ്പിന്റെ ഏറ്റവും പുതിയ മോഡല്‍ സജീവം. തീവ്രവാദ ബന്ധമെന്ന് ഉള്‍പ്പെടെ പറഞ്ഞ് ഭയപ്പെടുത്തി പണം മുഴുവന്‍ തട്ടിയെടുക്കുന്നതാണ് തട്ടിപ്പ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഐഡി കാര്‍ഡ് ഉള്‍പ്പെടെ ഉപയോഗിച്ചാണ് പണം തട്ടുന്നത്.

പ്രവാസികളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഫോണില്‍ ഓട്ടോമാറ്റഡ് കാള്‍ എത്തുന്നതാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ മേല്‍വിലാസത്തില്‍ എത്തിയ ഒരു കൊറിയര്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരങ്ങള്‍ അറിയാന്‍ ഒമ്പതില്‍ അമര്‍ത്തുകയെന്നതുമാണ് സന്ദേശം. ഈ നിര്‍ദേശം പാലിച്ച് കഴിഞ്ഞാല്‍ ഫോണിന്റെ മറുതലയ്ക്കല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാരില്‍ ഒരാള്‍ എത്തും.

വിമാനത്താവളത്തില്‍ എത്തിയ കുറിയര്‍ സംശയം തോന്നി തുറന്ന് നോക്കിയെന്നും അതില്‍ പണം, ലഹരിവസ്തുക്കള്‍ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവര്‍ അറിയിക്കും. ഈ കോള്‍ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോള്‍ മറ്റൊരാളിന് നല്‍കും.

തീവ്രവാദബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും ഫോണ്‍ എടുത്ത ആളെ ഭീഷണിപ്പെടുത്തും. പറഞ്ഞ കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ എന്നിവ തട്ടിപ്പ് സംഘം അയച്ചു നല്‍കും.കസ്റ്റംസ് ഓഫീസറുടെ ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് വ്യക്തമാകും.

ഇതോടെ അക്കൗണ്ടിലെ ബാലന്‍സും ഒപ്പം സമ്പാദ്യ വിവരങ്ങളും തിരക്കുന്നതാണ് അടുത്ത ഘട്ടം. നിയമപരമായി സമ്പാദിച്ച പണമാണോയെന്ന് ചോദിച്ച ശേഷം ഇത് അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. പരിശോധിച്ച ശേഷം നിയമപരമായി സമ്പാദിച്ചതെന്ന് ബോധ്യപ്പെട്ടാല്‍ തിരികെ കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ഇത് വിശ്വസിച്ച് പണം കൈമാറുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. കേരളത്തില്‍ തന്നെ അടുത്തിടെ തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ തട്ടിപ്പിന് ഇരയായിരുന്നു.