
മംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്.ഈശ്വരപ്പ ഇന്നലെ ബി.ജെ.പി വിമത സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. ശിവമോഗ്ഗ ലോക്‌സഭ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സംസ്ഥാന ബി.ജെ.പിയിൽ ആദ്യമായാണ് ഒരു റിബൽ സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുന്നത്. മേയ് ഏഴിനാണ് തിരഞ്ഞെടുപ്പ്.
വമ്പൻ പ്രകടനത്തോടെയാണ് കെ.എസ്.ഈശ്വരപ്പ ജില്ല ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പോസ്റ്ററുകളും ബാനറുകളും പ്രകടനത്തിൽ ഉയർത്തി. ബി.ജെ.പി സംസ്ഥാന നേതൃത്വം ഇത് വിലക്കിയിരുന്നു. എട്ട് നിയമസഭ മണ്ഡലങ്ങളിൽ നിന്നുമായി 20,000ത്തോളം പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.