
ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്‌ന്റ്‌സിനെ 6 വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് വിജയവഴിയിൽ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയ്ന്റ്സ് തകർച്ച നേരിട്ടെങ്കിലും ആയുഷ് ബധോനിയുടെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ (പുറത്താകാതെ 35 പന്തിൽ 55) 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 എന്ന ഭേദപ്പെട്ട ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ ഡൽഹി 11 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (170/4).
160ന് മുകളിൽ ആദ്യ ബാറ്റിംഗിൽ നേടിയ ശേഷം ലക്നൗ പരാജയപ്പെടുന്ന ആദ്യമത്സരമാണിത്.
ഐ.പി.എൽ അരങ്ങേറ്റം അർദ്ധ സെഞ്ച്വറി നേടി ഗംഭീരമാക്കിയ ഓസ്ട്രേലിയൻ യുവവിസ്മയം ജെയ്ക്ക് ഫ്രേസർ മക്ഗുർക്കിന്റെയും ( 35 പന്തിൽ 55) ക്യാപ്ടൻ റിഷഭ് പന്തിന്റെയും (21പന്തിൽ 45) ബാറ്റിംഗാണ് ഡൽഹിയുടെ ചേസിംഗ് അനായാസമാക്കിയത്. ഓപ്പണർമാരിൽ പ്രിഥ്വി ഷാ (32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ഡേവിഡ് വാർണർ (9) നിരാശപ്പെടുത്തി. സ്റ്റബ്സും (15), ഹോപ്പും (11) പുറത്താകാതെ നിന്നു. ഡൽഹിക്കായി രവി ബിഷ്ണോയി 2 വിക്കറ്റ് വീഴ്ത്തി.
ഒരു ഘട്ടത്തിൽ 94/7 എന്ന നിലയിൽ തകർന്ന ലക്നൗവിനെ യുവതാരം ആയുഷ് ബധോനിയുടെ മികച്ച ബാറ്റിംഗാണ് നൂറ്റമ്പത് കടത്തിയത്. അർഷദ് ഖാനും (പുറത്താകാതെ 20) ബധോനിയ്ക്ക് നല്ലപിന്തുണ നൽകി. ഡൽഹി സ്പിന്നർ കുൽദീപ് യാദവ് 4 ഓവറിൽ 20 റൺസ് മാത്രം നൽകി 3 വിക്കറ്റെടുത്തു. ഖലീൽ രണ്ടും മുകേഷ് കുമാറും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്വിന്റൺ ഡികോക്ക് (19), ദേവ്ദത്ത് പടിക്കൽ (3), മാർകസ് സ്റ്റോയിനിസ് (8), നിക്കോളാസ് പുരാൻ (0), ഇംപാക്ട് പ്ലെയർ ദീപക് ഹൂഡ (10) എന്നിവർക്കൊന്നും തിളങ്ങാനായില്ല. ക്യാപട്ൻ കെ.എൽ രാഹുൽ (39) നിർണായക സംഭാവന നൽകി. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഡൽഹി ഒമ്പതാം സ്ഥാനത്തേക്ക് കയറിയപ്പോൾ ആർ.സി.ബി അവസാന സ്ഥാനത്തായി. ലക്നൗ മൂന്നാം സ്ഥാനത്താണ്.