pic

ബൊഗോട്ട: കടുത്ത വരൾച്ചയുടെ പിടിയിലമർന്ന് തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ട. നഗരത്തിലെ ജലസ്രോതസുകൾ വറ്റിവരണ്ടതോടെ ജലവിതരണത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ബൊഗോട്ടയിലെ 11 മുനിസിപ്പാലിറ്റികളിലായി ഏകദേശം 90 ലക്ഷത്തോളം ജനങ്ങൾക്കാണ് റേഷൻ സംവിധാനം ഏർപ്പെടുത്തിയത്.

ഒമ്പത് സോണുകളായി തിരിച്ചാണ് നിയന്ത്രണം. ഓരോ സോണിലും 24 മണിക്കൂർ നേരത്തേക്ക് പൈപ്പ് വഴിയുള്ള ജലവിതരണം നിറുത്തിവയ്ക്കും. ഓരോ തുള്ളി ജലവും കഴിയുന്നത്രെ ലാഭിക്കണമെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ദശാബ്ദങ്ങൾക്കിടെ ഇത്തരം കടുത്ത വരൾച്ചയിലൂടെ ബൊഗോട്ട കടന്നുപോകുന്നത് ആദ്യമാണ്.

എൽ നിനോ പ്രതിഭാസമാണ് ബൊഗോട്ടയുടെ കാലാവസ്ഥയെ മാറ്റിമറിച്ചത്. ആശുപത്രികളെയും സ്കൂളുകളെയും ജലവിതരണ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. ബൊഗോട്ടയിലേക്ക് 70 ശതമാനം ജലവും വിതരണം ചെയ്തിരുന്ന ചൂസ റിസർവോയറിൽ വെറും 17 ശതമാനത്തിൽ താഴെ മാത്രമേ വെള്ളമുള്ളൂ.

40 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ബൊഗോട്ടയെ കൂടാതെ മെക്സിക്കോ സിറ്റി, ഗ്വാട്ടിമാല തുടങ്ങി ലാറ്റിനമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.