cloth

ഗർഭിണിയായിരിക്കുമ്പോൾ തന്നെ പിറക്കാനിരിക്കുന്ന കുഞ്ഞിനായുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി സൂക്ഷിക്കുന്നവർ ഉണ്ട്. എന്നാൽ ഗർഭിണിയല്ലാത്ത ആരെങ്കിലുമൊരാൾ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ വാങ്ങിസൂക്ഷിക്കുമോ? ഇല്ലെന്ന് പറയാൻ വരട്ടെ.

അമേരിക്കയിൽ നിന്നുള്ള മുപ്പത്തിരണ്ടുകാരി കാറ്റിയുടെ അലമാര നിറയെ കുഞ്ഞുടുപ്പുകളാണ്. യുവതി ഗർഭിണിയല്ലെന്ന് മാത്രമല്ല കക്ഷിക്ക് കാമുകൻ പോലും ഇല്ല. എന്നിട്ടും ഇരുപത് ജോഡി വസ്ത്രങ്ങളാണ് അലമാരയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇനിയും കുഞ്ഞുടുപ്പുകൾ വാങ്ങുമെന്ന് യുവതി പറയുന്നു.

ഭാവിയിൽ ജനിക്കാൻ പോകുന്ന കുട്ടിയ്ക്ക് വേണ്ടിയിട്ടാണ് ഇതെല്ലാം വാങ്ങി സൂക്ഷിക്കുന്നത്. ഈ കുഞ്ഞുടുപ്പുകളെല്ലാം വർഷാവർഷം അലക്കും. ഉണങ്ങിക്കഴിഞ്ഞാൽ അലമാരയിൽ ചെറിയ പൗച്ചുകളിലാക്കി സൂക്ഷിക്കും.

കാമുകൻ പോലും തനിക്കില്ലെന്നും കാറ്റി വ്യക്തമാക്കി. അടുത്ത എട്ട് വർഷത്തേക്ക് പ്രസവിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇങ്ങനെ കുഞ്ഞുടുപ്പുകൾ വാങ്ങി സൂക്ഷിക്കുന്നതിലൂടെ താൻ പണം സേവ് ചെയ്യുകയാണെന്നാണ് യുവതിയുടെ വാദം.

സഹോദരങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പമൊക്കെ അവരുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങാൻ കാറ്റി പോകാറുണ്ട്. ഭാവിയിൽ ഇത്തരം കുഞ്ഞുടുപ്പുകൾക്ക് വില കൂടാൻ സാദ്ധ്യതയുണ്ട്. ഇപ്പോഴേ വാങ്ങിവച്ചാൽ അതിൽ നിന്ന് രക്ഷപ്പെടാമെന്നാണ് അവർ ചിന്തിക്കുന്നത്.


'എനിക്ക് 32 വയസുണ്ട്, പങ്കാളിയില്ല. സഹോദരങ്ങളുടെയും കസിൻസിന്റെയുമെല്ലാം കൂടെ 14 കുട്ടികളാണ് എനിക്ക് ചുറ്റും വളരുന്നത്. കുട്ടിക്കാലം മുതലേ വിലപേശി സാധനങ്ങൾ വാങ്ങാൻ ഇഷ്ടമായിരുന്നു. കുഞ്ഞുങ്ങളുടെ ഉടുപ്പുകളും അങ്ങനെയാണ് വാങ്ങുന്നത്.'- യുവതി വ്യക്തമാക്കി.