convent-road

തിരുവനന്തപുരം: വേനൽ മഴ കടുത്തതോടെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന വിവിധ റോഡുകൾ ചെളിക്കുളമായി. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ നവീകരണം ആരംഭിച്ച ഓവർബ്രിഡ്‌ജ്-ചെട്ടിക്കുളങ്ങര റോഡും ജനറൽ ആശുപത്രി-വഞ്ചിയൂർ കോടതി കോൺവെന്റ് റോഡിലുമാണ് കാൽനട യാത്ര പോലും അസാദ്ധ്യമായത്. കഴിഞ്ഞയാഴ്ച കോൺവെന്റ് റോഡിലെ വലിയ കുഴിയിൽ വീണ് യുവാവിന് പരിക്കേറ്റിരുന്നു. ചെളിയിൽ വാഹനങ്ങൾ തെന്നി മാറുന്നതാണ് അപകടങ്ങൾക്ക് കാരണം.

ഓവർബ്രിഡ്‌ജ് -ചെട്ടിക്കുളങ്ങര റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണ് കുഴികളിലേക്ക് കുത്തിയൊലിച്ചെത്തിയിരുന്നു. കേബിളുകൾ സ്ഥാപിക്കാൻ വേണ്ടിയെടുത്ത വലിയ കുഴികളിൽ നിറഞ്ഞ വെള്ളം തൊഴിലാളികൾ മോട്ടോർ ഉപയോഗിച്ചാണ് നീക്കിയത്. കുഴികളിൽ മണ്ണ് അടിഞ്ഞതോടെ സ്ഥാപിച്ച പൈപ്പുകളിൽ പലതിന്റെയും നിരപ്പ് മാറുകയും പൈപ്പുകൾ കൂടുതൽ ഉയരുകയും ചെയ്‌തു. കനം കുറഞ്ഞ പൈപ്പുകൾ പൊട്ടുകയും ചെയ്‌തതോടെ ഈ ജോലികളെല്ലാം ആദ്യം മുതൽ ആരംഭിക്കേണ്ട സ്ഥിതിയാണ്.