jifri-thangal

കോഴിക്കോട്: പ്രേമം എന്ന് പറയുന്നത് സ്വാഭാവികമായി ഉണ്ടാകുന്ന സംഗതിയെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കേരള സ്‌റ്റോറിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിദേശത്ത് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തെക്കുറിച്ച് വിദ്വേഷം പ്രകടിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് അബ്ദുൽ റഹീമിന്റെ രക്ഷയ്ക്കായി 34 കോടി ധനസമാഹരണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലൗ ജിഹാദിനെക്കുറിച്ചും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.


'ഒരുത്തൻ മറ്റൊരുത്തിയെ സ്‌നേഹിച്ചാൽ ചിലപ്പോൾ അവൻ അവളെ കൊണ്ടുപോകും അല്ലെങ്കിൽ അവൾ അവനെ കൊണ്ടുപോകും. ഇതൊക്കെ സ്വാഭാവികമല്ലേ. അതിനൊരു മതത്തിനെ ആക്ഷേപിക്കുന്നത് എന്തിന് വേണ്ടിയാണ്. മുസ്ലീങ്ങളെ സംബന്ധിച്ച് മറ്റുള്ള ജനങ്ങളിൽ വളരെയധികം മോശമാകുന്ന ചിത്രം വരുത്തിതീർക്കുന്നതാണ് കേരള സ്‌റ്റോറി.

ഇതൊക്കെ ഞങ്ങളുടെ പണിയാണെന്ന് തോന്നും. പ്രേമം എന്നൊക്കെ പറയുന്നത് സ്വാഭാവികമായി ഉണ്ടാകുന്ന സംഗതിയാണ്. അത് ഉണ്ടായിക്കഴിഞ്ഞാൽ മതമൊന്നും അവർക്ക് തടസമല്ല. അത് ആർക്കും അങ്ങനെ തന്നെയാ.മുസ്ലീങ്ങളെയും അങ്ങനെ പ്രേമിച്ച് കൊണ്ടുപോകുകയൊക്കെ ചെയ്യുന്നില്ലേ. ലൗജിഹാദെന്നാണ്. ജിഹാദ് എന്നൊരു പേരുണ്ടായതുകൊണ്ട് ഇത് മുസ്ലീങ്ങളുടെ മാത്രം സംഗതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ല.'-അദ്ദേഹം പറഞ്ഞു.