തിരുവനന്തപുരം: വർഷങ്ങളായി തരിശായി കിടന്ന ഭൂമിയിലെ രണ്ട് കണ്ടങ്ങൾ ഏറ്റെടുത്ത് മലയാളം പള്ളിക്കൂടം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കുട്ടികളെക്കൊണ്ട് നെൽകൃഷിയിറക്കിയപ്പോൾ വിളഞ്ഞത് കാർഷിക സമൃദ്ധിയുടെ നല്ല പാഠത്തിന്റെ സന്ദേശം. അവിടെ വിളഞ്ഞ 15 പറ നെല്ല് മലയാളം പള്ളിക്കൂടത്തിന്റെ പത്താം വാർഷികത്തിൽ കഴിഞ്ഞ മാസം 3ന് വിദ്യാർത്ഥികൾക്ക് തന്നെ വിതരണം ചെയ്‌തു. ശേഷിച്ച നെല്ല് ഇന്നലെ വിഷുക്കൈനീട്ടമായി 30 വിശിഷ്ട വ്യക്തികൾക്ക് നൽകി.
അന്തരിച്ച കവി ഒ.എൻ.വി. കുറുപ്പിന്റെ ഭാര്യ സരോജിനിക്ക് നൽകിയായിരുന്നു വിതരണോദ്ഘാടനം. മലയാളം പള്ളിക്കൂടം ഉപദേശകസമിതി അംഗങ്ങളായ അടൂർ ഗോപാലകൃഷ്ണൻ, ജോർജ് ഓണക്കൂർ,പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർക്കും നെല്ല് കൈനീട്ടമായി നൽകി. സ്‌കൂൾ സംഘാടക ജെസി നാരായണന്റെ നേതൃത്വത്തിലായിരുന്നു വിതരണം. ആറ്റിങ്ങലിനടുത്തുള്ള പിരപ്പമൺകോട് പാടശേഖരത്തിലെ കണ്ടത്തിലായിരുന്നു കൃഷി. ഒ.എൻ.വിയുടെ കവിതയായ ആവണിപ്പാടം എന്ന പേരാണ് കണ്ടത്തിന് നൽകിയത്. ഉമ എന്ന ഇനം വിത്തായിരുന്നു വിതച്ചത്.
മലയാളം പള്ളിക്കൂടത്തിലെ 65 കുട്ടികളാണ് കൃഷിക്ക് ചുക്കാൻ പിടിച്ചത്. ഞാറ്റുപാട്ടുകൾ പാടിയും ചേറിലിറങ്ങിയും കുട്ടികൾ കൃഷിയുടെ ആദ്യപാഠങ്ങൾ ആവോളം അനുഭവിച്ചറിഞ്ഞു. കൃഷിയെക്കുറിച്ച് കുട്ടികൾക്ക് പകർന്നു നൽകാനും അടുത്ത തലമുറയ്ക്കായി പാടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോദ്ധ്യപ്പെടുത്തി.