s

കോയമ്പത്തൂർ: രാത്രി 10മണിക്ക് ശേഷം പ്രചാരണം നടത്തിയ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷനും കോയമ്പത്തൂർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. പ്രചാരണ സമയം സംബന്ധിച്ച ചട്ടം ലംഘിച്ചതിലാണ് നടപടി. ബി.ജെ.പി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ആവാരം പാളയത്ത് നടന്ന പ്രചാരണത്തിനെതിരെയാണ് പരാതി ലഭിച്ചത്. സമയ പരിധി അവസാനിച്ച ശേഷമുള്ള പ്രചാരണം ബി.ജെ.പി, 'ഇന്ത്യ" മുന്നണി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. സംഘട്ടനത്തിൽ 'ഇന്ത്യ" മുന്നണി പ്രവർത്തകന് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് 'ഇന്ത്യ" മുന്നണി അണ്ണാമലൈയ്ക്കെതിരെ പരാതി നൽകിയത്. 10 മണിക്ക് ശേഷം പ്രചാരണം പാടില്ല എന്നത് അറിയില്ലായിരുന്നെന്ന് അണ്ണാമലൈ പ്രതികരിച്ചു.