1

കോഴിക്കോട്: ജില്ലയിൽ വിവിധ ഇടങ്ങളിൽ നിന്നായി 128 ഗ്രാം എം.ഡി.എം.എയും 0.734 ഗ്രം എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി. പോലൂർ ഇരിക്കാഞ്ചേരി പറമ്പിൽ ഇർഷാദിന്റെ വീട്ടിൽ നിന്ന് 17.48 ഗ്രാം എം.ഡി.എം.എയും പടിഞ്ഞാറ്റം മുറി പൂതങ്കര അൻഫാസിന്റെ വീട്ടിൽ നിന്ന് 110.75 ഗ്രാം എം.ഡി.എം.എ യും 0.730 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ആന്റി നർകോട്ടിക് ഷാഡോ ടീമും ഡാൻസഫും ചേർന്നു പിടികൂടിയത്. ഇർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനെത്തുടർന്ന് ഇയാൾക്ക് ഇവ വിൽപ്പനയ്ക്കായി എത്തിച്ചു നൽകിയത് പൂതങ്കരയിലുള്ള അൻഫാസാണെന്ന് വിവരം ലഭിച്ചതോടെ പൊലീസ് പടിഞ്ഞാറ്റുമുറി പൂതൻകരയിലെ അൻഫാസിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ 110.75 ഗ്രാം എം.ഡി.എം.എയും 0.734 ഗ്രാം സ്റ്റാമ്പുകളും കണ്ടെത്തി. അൻഫാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ടൂറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്യുന്ന അൻഫാസ് അന്യസംസ്ഥാനങ്ങൾ പോയി വരുമ്പോൾ വലിയ അളവിൽ എം.ഡി.എം.എ യും സ്റ്റാമ്പുകളും കൊണ്ടുവരികയും ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്.