
കൊടുങ്ങല്ലൂർ: വൃദ്ധ മാതാവിനെ കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ഉപേക്ഷിച്ച് മകനും പേരമകനും കടന്നുകളഞ്ഞു. ഉറ്റവർ ഉപേക്ഷിച്ച വൃദ്ധയുടെ സംരക്ഷണം ഏറ്റെടുത്ത് അഗതി മന്ദിരം.
സംഭവത്തിൽ മകനെതിരെ പൊലീസ് കേസെടുത്തു. പറവൂർ വടക്കേക്കര താമസിച്ചിരുന്ന കണ്ണൻ ചക്കിശ്ശേരി മൂസയുടെ ഭാര്യ നബീസയെയാണ് (88) താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലാക്കി മകൻ പൊയ്ക്കളഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഇടയ്ക്കിടെ തലകറക്കം ഉണ്ടാകുന്നെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നത്. പ്രായാധിക്യത്താൽ അവശയായ നബീസയുടെ തലയിൽ മുറിവും ദേഹത്ത് അടിയേറ്റതിന്റെ പാടും പരിശോധനയിൽ ഡോക്ടർ കണ്ടെത്തി. രോഗിയെ കൊണ്ടുവന്നവരെ ആശുപത്രി പരിസരത്ത് ജീവനക്കാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നേരം പുലർന്നിട്ടും രോഗിയെ കൊണ്ടുവന്നവർ എത്താതായതോടെ ഡ്യൂട്ടി ഡോക്ടർ പുല്ലൂറ്റ് പ്രവർത്തിക്കുന്ന വെളിച്ചം അഗതി മന്ദിരത്തിൽ വിവരമറിയിച്ചു. അഗതിമന്ദിരം മാനേജർ അബ്ദുൾ കരീം ആശുപത്രിയിലെത്തി നബീസയുടെ സംരക്ഷണം ഏറ്റെടുത്തു. കാക്കനാട് താമസിക്കുന്ന ഇളയ മകൻ നിസാറും മകനുമാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്ന് നബീസ ആശുപത്രി അധികൃതരെ അറിയിച്ചു.
നാലുമക്കളാണ് ഇവർക്കുള്ളത്. രണ്ട് പെൺമക്കളെ വിവാഹം ചെയ്തയച്ചു. മൂത്ത മകൻ മരിച്ചു. എറിയാട് താമസിക്കുന്ന മകളോടൊപ്പമായിരുന്നു നേരത്തെ താമസം. പിന്നീട് കാക്കനാടുള്ള മകൻ ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണവും മുപ്പതിനായിരം രൂപയും വാങ്ങി നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ഏറ്റെടുത്തു. മാതാവിനെ ആശുപത്രിയിലാക്കി മുങ്ങിയ സംഭവത്തിലും ദേഹോപദ്രവം ഏല്പിച്ചതിനും കൊടുങ്ങല്ലൂർ പൊലീസ് ഇളയ മകൻ നിസാറിനെതിരെ കേസെടുത്തു. കൊടുങ്ങല്ലൂർ പൊലീസ് കാക്കനാട് പൊലീസുമായി ബന്ധപ്പെട്ടാണ് നടപടി ആരംഭിച്ചത്.