kk

കൊച്ചി: പലഹാര കച്ചവടം മാത്രം നടത്തിയിരുന്ന മിച്ചർ അബ്ബാസ് രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളുമൊക്കെ വാങ്ങിയത് എങ്ങനെയെന്നത് നാട്ടുകാരുടെ പൊതുവായ സംശയമായിരുന്നു. ഇന്ന് അതിനുള്ള ഉത്തരം അവർക്ക് കിട്ടി. 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മിച്ചർ അബ്ബാസിനെ ഇന്ന് പെരുമ്പാവൂരിൽ വച്ച് എക്സൈസ് പിടികൂടിയിരുന്നു. കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുകയാണ് മിച്ചർ അബ്ബാസ് എന്ന അബ്ബാസ് ഫിറോസ് ഖാൻ. ഇയാളുടെ പക്കൽ നിന്ന് 129 ഗ്രാം ഹെറോയിനും 20000 രൂപയും പിടിച്ചെടുത്തു.

40വർഷം മുൻപ് തമിഴ്‌നാട്ടിൽ നിന്ന് പെരുമ്പാവൂരിൽ എത്തിയ അബ്ബാസ് പലഹാരക്കച്ചവടത്തിന്റെ മറവിലാണ് മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്നത്. ഇന്ന് ഉച്ചയോടെ വീടിന് മുൻവശത്തെ റോഡരികിൽ ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. 13 പ്ലാസ്റ്റിക് ബോക്സുകളിലായാണ് പ്രതി ഹെറോയിൻ സൂക്ഷിച്ചിരുന്നത്,​ അസം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇയാൾ ഹെറോയിൻ എത്തിച്ചിരുന്നത്. ഇത് പിന്നീട് ചെറുകിട ഇടപാടുകാർക്ക് നൽകുകയാണ് പതിവ്.

കഴിഞ്ഞ ദിവസം ഹെറോയിനുമായി ഒരു സ്ത്രീയെ പെരുമ്പാവൂർ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് അബ്ബാസിനെ കുടുക്കിയത്. ഇയാളുടെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.