gold

മലപ്പുറം: പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർ‌ണം കവർന്നു. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജീവും കുടുംബവും ദുബായിലാണുള്ളത്. 350 പവൻ സ്വർ‌ണമാണ് മോഷണം പോയത്.

ഐശ്വര്യ തീയേറ്ററിന് സമീപമാണ് രാജീവിന്റെ വീട്. ഇവിടത്തെ ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. രാജീവ് കുടുംബ സമേതം രണ്ടാഴ്ച മുമ്പാണ് ഗൾഫിലേക്ക് പോയത്. വീട് വൃത്തിയാക്കാനായി ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകുവശത്തെ ഗ്രില്ല് പൊട്ടിച്ച നിലയിലായിരുന്നു.

ജോലിക്കാരാണ് രാജീവിനെയും പൊലീസിനെയും വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോനയിലാണ് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണം മോഷണം പോയ വിവരം അറിയുന്നത്. മലപ്പുറം എസ് പി അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. മലപ്പുറം ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. വിശദമായി പരിശോധിച്ചാൽ മാത്രമേ വിലപിടിപ്പുള്ള മറ്രന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് മനസിലാകുകയുള്ളൂ എന്നാണ് പൊലീസ് നൽകുന്ന വിവരം.