
പത്തനംതിട്ട: കുടുംബതർക്കത്തിനിടെ ഭർത്താവിനെ ഭാര്യ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശിയായ രത്നാകരൻ(58) ആണ് മരിച്ചത്. രത്നാകരനെ ആക്രമിച്ച ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ രത്നാകരനുമായി ശാന്ത തർക്കത്തിലേർപ്പെട്ടു. തുടർന്ന് കമ്പിവടിയെടുത്ത് ശാന്ത, രത്നാകരന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ രത്നാകരനെ അയൽവാസികൾ നിലയ്‌ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ വീണ വയോധികൻ മരിച്ച സംഭവത്തിൽ മരണകാരണം സൂര്യാഘാതമേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങൻകോളനിയിലെ പുത്തൻപുരയ്ക്കൽ സുരേന്ദ്രനാണ് (73) കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ അയൽവാസിയായ കല്ലിങ്കൽ ദേവകിയ്‌ക്കെതിരെ (62) പൊലീസ് കേസെടുത്തിരുന്നു. സുരേന്ദ്രനും വീട്ടമ്മയായ ദേവകിയും തമ്മിൽ തർക്കത്തിനിടെ സുരേന്ദ്രൻ നിലത്തു വീഴുകയുമായിരുന്നു. രണ്ട് മണിക്കൂറോളം സുരേന്ദ്രൻ റോഡിൽ കിടന്നു. പിന്നീട് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു സ്ഥലത്തെത്തി പൊലീസിനെ വിളിച്ച് ആംബുലൻസ് എത്തിച്ചാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സുരേന്ദ്രൻ മരിച്ചിരുന്നു.