
ലാഹോർ: ഇന്ത്യക്കാരനായ സരബ്‌ജീത്ത് സിംഗിനെ 2013ൽ പാകിസ്ഥാനിലെ കോട് ലാഖ്‌പത് ജയിലിൽ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാനപ്രതികളിലൊരാൾ വെടിയേറ്റ് മരിച്ചു. ലാഹോറിലെ ഇസ്‌ലാംപുര പ്രദേശത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാതർ നടത്തിയ വെടിവയ്‌പ്പിലാണ് ആമിർ സർഫറാസ് എന്ന തംബ മരിച്ചത്. ആമിറിന്റെ ലാഹോറിലെ വീടിന് സമീപംവച്ചാണ് ആക്രമണമുണ്ടായത്. ഞായറാഴ്‌ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ബൈക്കിൽ എത്തിയവർ ആമിറിന് നേരെ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് ഇയാൾ മരിച്ചതായി പാക് ദേശീയ മാദ്ധ്യമങ്ങൾ അറിയിച്ചു.
തംബയ്‌ക്ക് ജീവനിൽ ഭീഷണിയുണ്ടായിരുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. അജ്ഞാതർ രണ്ട് തവണ നെഞ്ചിലേക്കും രണ്ട് തവണ കാലിലേക്കുമാണ് വെടിയുതിർത്തത്. അക്രമികൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തംബയുടെ സഹോദരൻ ജുനൈദ് സർഫറാസിന്റെ പരാതിയിൽ ഇസ്‌ലാംപുര പൊലീസ് കേസെടുത്തു. കൊലയാളികളിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നതായും മറ്റൊരാൾ മാസ്‌ക് ധരിച്ചിരുന്നതായുമാണ് വിവരം.
ഇന്ത്യ-പാക് അതിർത്തിയിലെ ഭിക്കിവിണ്ട് ഭാഗത്തെ ഒരു കർഷകനായിരുന്നു സരബ്‌ജീത്ത് സിംഗ്. 1991ൽ പാക് അതിർത്തി അറിയാതെ കടന്നതോടെ ഇദ്ദേഹം റോ ഏജന്റാണെന്നപേരിൽ പാകിസ്ഥാൻ ജയിലിലടച്ചു. 2013ൽ ലാഖ്‌പത് ജയിലിൽ വച്ച് സഹതടവുകാരുടെ മർദ്ദനമേറ്റ് സരബ്‌ജീത്ത് കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതികളായ തമ്പയെയും മുദാസറിനെയും 2018 ഡിസംബറിൽ ലാഹോർ കോടതി തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ചിരുന്നു.