
പാളയം ഗണപതി ക്ഷേത്രത്തിന് പുതിയ ഗോപുര സമർപ്പണം കഴിഞ്ഞദിവമാണ് നടന്നത്. വ്യവസായിയായ ചെങ്കൽ ശേഖരൻ നായർ ആണ് 50 അടി നീളവും 20 അടി വീതിയും 50 അടി ഉയരവുമുള്ള ഗോപുരം പണികഴിപ്പിച്ചത്. ഗോപുരത്തിന്റെ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ‌്ത ശ്രീജിത് പണിക്കർ, അതിന് ലഭിച്ച ഒരു കമന്റിന് നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.
''ഒരു മിത്തിന് ഇത്രയും വലിയ ഗോപുരം വേണോ?'' എന്നായിരുന്നു ഒരാളുടെ കമന്റ്. ''വേണ്ട. കുറച്ച് അവിടെ നിർത്തിയിട്ട് ബാക്കി സേട്ടൻ വീട്ടിൽ കൊണ്ടുപോയ്‌ക്കോ'' എന്ന് ശ്രീജിത്ത് മറുപടി കൊടുക്കുകയായിരുന്നു.

ഗോപുരത്തിന്റെ മദ്ധ്യത്തായി 18 അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിന്റെ പ്രധാന സവിശേഷത. ഇരുവശത്തുമായി രണ്ട് ചെറിയ വിഗ്രഹങ്ങളുമുണ്ട്. മുംബയിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചത്. ഗോപുരവാതിലുകൾ കൃഷ്ണശിലയിൽ നിർമ്മിച്ചതാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള ഉള്ളൂർ ദേവസ്വം ഗ്രൂപ്പിലെ പാളയം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ഗോപുരം നിർമ്മിക്കാൻ 75 ലക്ഷം രൂപയാണ് ഉദയസമുദ്ര ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ചെലവാക്കിയത്. 2023 ജൂലായിൽ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് ഗോപുരത്തിന് തറക്കല്ലിട്ടത്. തുടർന്ന് മേൽനോട്ട ചുമതലയും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലായിരുന്നു. ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എസ്.രാജശേഖരൻ നായർ നേരിട്ട് നിർമ്മാണ പുരോഗതി വിലയിരുത്തിരുന്നു.
ക്ഷേത്രത്തിന് തൊട്ടടുത്തായി പാളയം മുസ്ലിം ജമാ അത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും സ്ഥിതിചെയ്യുന്ന ഇവിടം വ്യത്യസ്ത മതവിഭാഗക്കാരുടെ ആരാധനാലയങ്ങളുടെ സംഗമഭൂമിയാണ്.