rahul-gandhi

വയനാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ പ്രചാരണത്തിനായെത്തി. സുൽത്താൻ ബത്തേരിയിൽ രാഹുലിന്റെ ആദ്യ റോഡ് ഷോ ആരംഭിച്ചിരിക്കുകയാണ്. കൊടികളില്ലാതെ പോസ്റ്ററുകൾ മാത്രമായാണ് റാലി നടത്തുന്നത്. കോൺഗ്രസ് പ്രവർത്തകർ അടക്കം ആയിരങ്ങളാണ് റാലിയിൽ അണിനിരന്നിരിക്കുന്നത്.

ഇന്നുരാവിലെ പത്തുമണിയോടെയാണ് വയനാടിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി സ്‌പോർട്‌സ് ആന്റ് സയൻസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്‌ടറിൽ രാഹുൽ എത്തിയത്. ഇവിടെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഹെലികോപ്‌ടറിൽ പരിശോധന നടത്തി. ഇതിനുശേഷമാണ് രാഹുൽ സുൽത്താൻ ബത്തേരിയിലേയ്ക്ക് പുറപ്പെട്ടത്.

ഇന്ന് വയനാട് ആറ് പരിപാടികളിലാണ് രാഹുൽ പങ്കെടുക്കുക. ബത്തേരിക്ക് പുറമെ മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുമെന്നും വിവരമുണ്ട്.

ഹെലികോപ്‌ടറിൽ വന്നിറങ്ങിയതിനുശേഷം ബത്തേരിയിലേയ്ക്ക് എത്തിയ കാറിൽ തന്നെയാണ് റോഡ് ഷോ നടത്തുന്നത്. ഇതിനായി തുറന്ന വാഹനം തയ്യാറാക്കിയിരുന്നെങ്കിലും കാർ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ബത്തേരി എംഎൽഎ കെ സി ബാലകൃഷ്ണനും റോഡ് ഷോയിൽ രാഹുലിനിനൊപ്പം സഞ്ചരിക്കുന്നുണ്ട്.