tomb

ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് ചൈനയിലെ വന്മതിൽ. ചന്ദ്രനിൽ നിന്ന് നോക്കിയാൽ പോലും മതിൽ കാണാം എന്ന അതിശയോക്തി കല‌ർന്ന വാദങ്ങളും നാം ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ആരാണ് ഈ വന്മതിൽ പണി ആരംഭിച്ച ചൈനീസ് ചക്രവർത്തി എന്നറിയാമോ? ക്വിൻ ഷി ഹുവാംഗ് എന്ന ചൈനയുടെ ആദ്യ ചക്രവർത്തിയാണ് വന്മതിൽ പണിയാൻ ഉത്തരവിട്ടത്. ചെറിയ രാജ്യങ്ങളായി വിഘടിച്ച് പരസ്‌പരം പോരടിച്ചിരുന്നതിൽ നിന്ന് ഒരൊറ്റ വലിയ രാജ്യമായി ചൈനയെ മാറ്റിയത് ക്വിൻ ഷി ഹുവാംഗ് ആണ്. രാജ്യം ശക്തമായപ്പോൾ അതിരുകൾ കാക്കാൻ ശക്തമായ മതിൽ വേണമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് വന്മതിലിന്റെ നിർമ്മാണം തുടങ്ങിയത്.

അതിക്രൂരനും വിചിത്രവിശ്വാസങ്ങളും മറ്റും വച്ചുപുലർത്തിയിരുന്ന ആളുമായിരുന്നു ക്വിൻ ഷി ഹുവാംഗ്. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം മരണത്തിൽ നിന്ന് രക്ഷനേടാൻ വലിയ മതിൽ തീ‌‌ർത്തു. നാല് ലക്ഷത്തോളം പേർ ഇക്കാലത്ത് മതിൽ പണിയിൽ ഏ‌ർപ്പെട്ടിരുന്നു. ഇവരിൽ മരിക്കുന്നവരെ മതിലിനുള്ളിൽ തന്നെ സംസ്‌കരിച്ചു. വിശ്വാസപ്രമാണങ്ങൾക്ക് എതിരെന്ന് തോന്നുന്ന പുസ്‌തകങ്ങളടക്കം നശിപ്പിക്കുകയും രാജ്യം ഏകീകരിക്കുകയും ചെയ്‌തു അദ്ദേഹം.

emperor

ഷി ഹുവാംഗിന്റെ ശവകുടീരം


ഒരൊറ്റ രാജ്യമാക്കി മാറ്റി ചൈനയെ ഷി ഹുവാംഗ് ഭരിച്ചത് കേവലം 11 വർഷമാണ്. അതിനുമുൻപ് പക്ഷെ 26 കൊല്ലം ചിൻ രാജ്യത്തെ രാജാവായിരുന്നു. 50-ാം വയസിൽ ബി സി 210ൽ മരിച്ച അദ്ദേഹത്തിന്റെ ശവകുടീരം ചൈനയിലെ ഷാൻസി പ്രവിശ്യയിൽ 1974ൽ ഒരു കൃഷിസ്ഥലത്തിലാണ് കണ്ടെത്തിയത്. കുറച്ച് ക‌ർഷകരാണ് ഇത് ആദ്യം കണ്ടെത്തിയത്.പക്ഷെ രണ്ടായിരം വ‌ർഷങ്ങൾക്കിപ്പുറവും പുരാവസ്‌തു ഗവേഷകർ ശവകുടീരം തുറന്നിട്ടില്ല. അതിന് തക്കതായ ചില കാരണങ്ങളുണ്ട്.

horse

കല്ലറ തുറക്കുന്നതിലെ അപകടങ്ങൾ

ക്വിൻ ഷി ഹുവാംഗിന്റെ മരണശേഷം ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം ചൈനയിലെ പ്രശസ്‌ത ചരിത്രകാരൻ സിമ ക്വിയാൻ ഒരു ലേഖനത്തിൽ ശവകുടീരത്തിലെ അപകട സാദ്ധ്യതകളെക്കുറിച്ച് പറയുന്നുണ്ട്. കൊള്ളയടിക്കാനെത്തുന്നവരെ തടയുന്നതിനായി പലതരം കെണികൾ ഇവിടെയുണ്ട്. ഇതിനൊപ്പം നിരവധി വിദഗ്ദ്ധരെക്കൊണ്ട് നിർമ്മിച്ച അമ്പും വില്ലുകളും ഉണ്ട്. ഇതെല്ലാം മറികടന്ന് ഉള്ളിൽ കയറാൻ ശ്രമിക്കുന്നവരെ കാത്ത് മെ‌ർക്കുറിയുടെ ഒരു പ്രവാഹം തന്നെയുണ്ടാകുമെന്നും സിമ ക്വിയ പറയുന്നുണ്ട്. ലേഖനത്തിൽ പറയുന്നത് അതിശയോക്തിയാണെങ്കിലും ശവകുടീരത്തിന് ചുറ്റുമുള്ള മണ്ണ് പരിശോധിച്ച ഗവേഷകർക്ക് ഇവിടെ വളരെ വലിയ അളവിൽ മെർക്കുറി ഉണ്ടെന്ന് കണ്ടെത്താനായത് അമ്പരപ്പുളവാക്കി.

terra-cota

കളിമൺ സൈന്യം

ക്വിൻ ഷി ഹുവാംഗിന്റെ ശവകുടീരത്തിന് സമീപത്തെ ഏറ്റവും കാണേണ്ട കാഴ്‌ചയാണ് ടെറക്കോട്ട വാരിയേഴ്സ് അഥവാ കളിമൺ സൈന്യം. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന ചക്രവർത്തി തന്റെ സംരക്ഷണത്തിനാണ് ഇത്ര വലിയ ഒരു കളിമൺ സൈന്യത്തെ നിർമ്മിച്ചത്. കേവലം സൈനികരെ മാത്രമല്ല കുതിരകളെയും തേരുമടക്കം ബിസി 210ൽ ഏത് തരത്തിലാണോ ചൈനീസ് സമൂഹം ഉണ്ടായിരുന്നത് അത്തരത്തിൽ തന്നെ ഇവ നിർമ്മിച്ചിരുന്നു. 8000ത്തോളം പടയാളികളും 520 കുതിരകളുമാണ് ഇത്തരത്തിൽ ശിൽപങ്ങളായുണ്ടായിരുന്നത്.പട്ടാള തലവന്മാർക്ക് കൂട്ടത്തിൽ അൽപം ഉയരം കൂടുതൽ ആയിരുന്നു. യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഇവിടം ഇപ്പോൾ ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ അമ്പരപ്പിക്കുന്നു.

മ്യൂയോണുകൾ എന്ന ഉപആറ്റോമിക കണികകൾ വഴി ചക്രവർത്തിയുടെ കല്ലറ ഗവേഷണം നടത്താം എന്ന് ഗവേഷകർ കരുതുന്നു. എന്നാൽ ഇതിന് ഇതുവരെ അനുമതി ലഭ്യമായിട്ടില്ല. ഭാവിയിൽ മികച്ച സാങ്കേതിക വിദ്യയിലൂടെ ക്വിൻ ഷി ഹുവാംഗിന്റെ ഭൗതികദേഹം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. കാലപ്പഴക്കത്താൽ കളിമൺ ശിൽപകല തകരാതെ വേണം ഇത് എന്നത് അവർക്ക് വെല്ലുവിളിയും ഉയർത്തുന്നുണ്ട്.