e-auto

കോഴിക്കോട്: നഗര മാലിന്യം ശേഖരിക്കാൻ കോർപ്പറേഷൻ ഹരിത കർമ്മ സേനയ്ക്ക് ഓട്ടോറിക്ഷകൾ അനുവദിച്ചെങ്കിലും ഓടിക്കാൻ പരിശീലനം നൽകാത്തതിനാൽ തുരുമ്പെടുക്കുന്നത് 30 ഇ- ഓട്ടോകൾ. അ​ജൈ​വ​മാ​ലി​ന്യം എ​ടു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് വ​ണ്ടി​ക​ളി​ല്ലെ​ന്ന പ​രാ​തി നിൽക്കുമ്പോഴാണ് കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന അ​ഴ​ക് പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശ​മ​ട​ക്കം പ​തി​ച്ച ഓ​ട്ടോ​ക​ൾ ടാ​ഗോ​ർ ഹാ​ൾ വ​ള​പ്പി​ൽ നശിക്കുന്നത്.

ഉ​ദ്ഘാ​ട​നത്തിന് തൂ​ക്കി​യ റി​ബ​ണു​കൾ പോലും ഓട്ടോയ്ക്കുമുകളിലുണ്ടെന്നതാണ് സങ്കടകരമായ കാഴ്ച. കേന്ദ്രത്തിന്റെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷനിലെ 75 വാർഡുകളിലേയ്ക്കും മാലിന്യ ശേഖരണത്തിന് അനുവദിച്ചതാണ് ഓട്ടോകൾ. കഴിഞ്ഞ ജനുവരി 12ന് മന്ത്രി എം.ബി. രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആ​ദ്യ​ഘ​ട്ട​മാ​യി 30 ഓ​ട്ടോകളാണ് നൽകിയത്.

വെ​സ്റ്റ്ഹി​ൽ ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ലെ ഇ​ൻ​ഡ​സ്ട്രി ഓ​ൺ കാ​മ്പ​സി​ലാ​ണ് ഓ​ട്ടോ​ക​ൾ നി​ർ​മി​ച്ച​ത്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആവശ്യമായ ഡ്രൈവിംഗ് പരിശീലനം നൽകി വണ്ടികൾ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മൂന്ന് മാസമായിട്ടും ഡ്രൈവിംഗ് പരിശീലനം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.

എന്നാൽ ഡ്രൈ​വിംഗ് പ​ഠി​ക്കാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​രെ കി​ട്ടി​യി​രു​ന്നി​ല്ലെ​ന്നും ലൈ​സ​ൻ​സു​ള്ള ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യി​ട്ടു​ണ്ടെ​ന്നുമാണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നത്. എല്ലാ വാർഡുകളിലേക്കും ഒരു ഓട്ടോ വീതം 75 ഗുഡ്സ് ഓട്ടോ അനുവദിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. വണ്ടികളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. ഇനിയും ഓട്ടോകൾ നിർത്തിയിട്ടാൽ ബാറ്ററിയും ടയറുകളും കേടാകുള്ള സാദ്ധ്യത ഏറെയാണ്.