
ആസ്റ്റൺ വില്ല 2- ആഴ്സനൽ 0
ക്രിസ്റ്റൽ പാലസ് 1-ലിവർപൂൾ 0
മാഞ്ചസ്റ്റർ സിറ്റി 5- ല്യുട്ടൺ ടൗൺ 1
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ആഴ്സനലിന്റെ കിരീടമോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി ആസ്റ്റൺ വില്ലയിൽ നിന്നേറ്റ തോൽവി. കഴിഞ്ഞരാത്രി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല ആഴ്സനലിനെ തോൽപ്പിച്ചത്. ഇതോടെ ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് രണ്ടാമതായി. കഴിഞ്ഞ മത്സരത്തിൽ ല്യൂട്ടൺ ടൗണിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചതാണ് സിറ്റിക്ക് തുണയായത്.
ലീഗിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 73 പോയിന്റായി.ആഴ്സനലിന് 32 കളികളിൽ നിന്ന് 71 പോയിന്റേയുള്ളൂ. 32 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് തന്നെയുള്ള ലിവർപൂളാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ രാത്രി ക്രിസ്റ്റൽ പാലസിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതാണ് ലിവർപൂളിന് തിരിച്ചടിയായത്. ആറ് മത്സരങ്ങളാണ് മൂവർക്കും ലീഗിൽ ശേഷിക്കുന്നത്. ഈ മത്സരങ്ങളിലെ പ്രകടനം കിരീടനേട്ടത്തിൽ നിർണായകമാകും.
ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 84-ാം മിനിട്ടിൽ ലിയോൺ ബെയ്ലിയും 87-ാം മിനിട്ടിൽ ലിയോ വാറ്റ്കിൻസും നേടിയ ഗോളുകൾക്കാണ് ആസ്റ്റൺ വില്ല ജയിച്ചത്. സീസണിലെ ആഴ്സനലിന്റെ അഞ്ചാമത്തെ തോൽവിയാണിത്. 14-ാം മിനിട്ടിൽ എബരേഷ് ഏസെ നേടിയ ഗോളിനാണ് ലിവർപൂളിനെ ക്രിസ്റ്റൽ പാലസ് തോൽപ്പിച്ചത്.