kerala

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് കൊച്ചി വാട്ടര്‍ മെട്രോ. ഒരു വര്‍ഷത്തിനുള്ളില്‍ 19 ലക്ഷത്തിന് അടുത്ത് ആളുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ സൗകര്യം ഉപയോഗിച്ചത്. ഇന്ത്യയില്‍ തന്നെ വാട്ടര്‍ മെട്രോ സംവിധാനം നിലവിലുള്ള ഒരേ ഒരു നഗരമാണ് കേരളത്തിലെ കൊച്ചി എന്നതാണ് പ്രത്യേകത.

കേരളത്തിന്റെ വിജയകരമായ ഈ മോഡല്‍ മാതൃകയാക്കാന്‍ രാജ്യത്തെ തന്നെ നിരവധി സംസ്ഥാനങ്ങള്‍ ആലോചിക്കുന്നുണ്ട്. ടൂറിസം മേഖലയ്ക്ക് കൂടി മുതല്‍ക്കൂട്ടാകുന്ന പദ്ധതിയെന്ന നിലയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 40 നഗരങ്ങള്‍ പദ്ധതി തങ്ങള്‍ക്കും ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ്. ചില നഗരങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ച് കൊച്ചിയിലെത്തുന്നവരുടെ ഒഴിവാകാനാകാത്ത ഡെസ്റ്റിനേഷനുകളിലൊന്നായി വാട്ടര്‍ മെട്രോ മാറിക്കഴിഞ്ഞു. കൊച്ചിയിലെത്തുന്ന സഞ്ചാരികളില്‍ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശികള്‍ക്കും വാട്ടര്‍ മെട്രോ ഒരുപോലെ പ്രിയപ്പെട്ടതാണ്. ആധുനികതയും സുരക്ഷയും ഒന്ന് ചേരുന്നുവെന്നതാണ് ഇതിന് പ്രധാന കാരണം.

കായല്‍ ഭംഗിയും കൊച്ചിയുടെ സൗന്ദര്യവും ആസ്വദിച്ചുള്ള വാട്ടര്‍ മെട്രോ യാത്ര വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് വാട്ടര്‍ മെട്രോക്ക് കൂടുതല്‍ റൂട്ടുകളെന്ന ആലോചനയിലാണ് നടത്തിപ്പുകാരായ കൊച്ചി മെട്രോ.

കേരളത്തില്‍ കൊല്ലവും വാട്ടര്‍ മെട്രോയ്ക്ക് സാദ്ധ്യതയുള്ള നഗരമാണ്. കൊച്ചിയിലെ മോഡല്‍ വിജയിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഇതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്.

കഴിഞ്ഞദിവസങ്ങളില്‍ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആര്‍.എല്‍. അധികൃതര്‍ പറയുന്നു. അവധിക്കാലമായതിനാല്‍ ഇത് 10,000 ത്തോളമെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.