cricket

മുംബയ്: മലയാളി താരങ്ങളായ സജന സജീവനേയും ആശ ശോഭനയേയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് പര്യടനത്തിലെ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ടീമിലേക്കാണ് ഇരുവരേയും പരിഗണിച്ചിരിക്കുന്നത്. അടുത്തിടെ സമാപിച്ച വനിതാ പ്രീമിയര്‍ ലീഗിലെ പ്രകടനങ്ങളാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്ക് വാതില്‍ തുറന്നത്.

വനിതാ പ്രീമിയര്‍ ലീഗില്‍ സജന സജീവന്‍ മുംബയ് ഇന്ത്യന്‍സിന്റേയും ആശ ശോഭന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റേയും താരമാണ്. ലീഗില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുവരേയും ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഒരു പന്തില്‍ ജയിക്കാന്‍ മുംബയ്ക്ക് അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ ക്രീസിലെത്തിയ സജന അലീസ് ക്യാപ്‌സിയെ സിക്‌സറടിച്ച് മുംബയ് ഇന്ത്യന്‍സിനെ വിജയിപ്പിച്ചിരുന്നു.

സീസണില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ആശ ശോഭന എലിമിനേറ്ററില്‍ മുംബയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. ടീമിന്റെ കിരീട നേട്ടത്തിലും ആശയുടെ പ്രകടനം നിര്‍ണായകമായി. അതേ സമയം മറ്റൊരു മലയാളി താരമായ മിന്നു മണിക്ക് ദേശീയ ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സമൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍.