
ബംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. വന്നവരും പോയവരും ആര്‍സിബി ബൗളര്‍മാരെ എടുത്തിട്ട് തല്ലിയപ്പോള്‍ നാണക്കേടിന്റെ റെക്കോഡ് മുംബയ് ഇന്ത്യന്‍സില്‍ നിന്ന് ആര്‍സിബി ഏറ്റുവാങ്ങി. 20 ഓവറില്‍ ബംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 287 റണ്‍സ്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് ബംഗളൂരുവാണ്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് 102(41), അഭിഷേക് ശര്‍മ്മ 34(22) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത് 108 റണ്‍സ്. അബിഷേക് പുറത്തായപ്പോള്‍ ക്രീസിലെത്തിയത് ഹെയ്ന്റിച്ച് ക്ലാസന്‍. 31 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം ദക്ഷിണാഫ്രിക്കന്‍ താരം അടിച്ചെടുത്തത് 67 റണ്‍സ്.
മുന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം 32(17), അബ്ദുള്‍ സമദ് 31(10) എന്നിവര്‍ പുറത്താകാതെ നിന്നു. 22 സിക്‌സറുകളാണ് ഹൈദരാബാദ് ഇന്നിംഗ്‌സില്‍ പിറന്നത്. 19 ഫോറുകളും അവര്‍ അടിച്ച് കൂട്ടി. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണ് ട്രാവിസ് ഹെഡ് കുറിച്ചത്.
മാര്‍ച്ച് 27ന് ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ 20 ഓവറില്‍ 277 റണ്‍സ് എന്ന സ്വന്തം റെക്കോഡാണ് ഹൈദരാബാദ് ആര്‍സിബി മത്സരത്തില്‍ പഴങ്കഥയായി മാറിയത്. ഇന്ത്യന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാനുള്ള തന്റെ ഇഷ്ടം ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കുന്നതായിരുന്നു ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.