d

കൊച്ചി: 2008ൽ ബെന്യാമിന്റെ ആടുജീവിതം നോവൽ പുറത്തിറങ്ങുന്നതിന് എട്ടുവർഷംമുമ്പ് പ്രമുഖ ആഴ്ചപ്പതിപ്പിൽ ഒരു പ്രവാസിയുടെ ജീവിതക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. വഴിയറിയാത്ത ഇടയൻ എന്ന പേരിൽ. സൗദിയിലെ വിദൂര മരുഭൂമിക്കുനടുവിൽ ഊരുംപേരും ഏതെന്നുപോലും മറന്നുജീവിച്ച മലയാളിയുടെ കഥ. ആ അനുഭവത്തെ ഓർത്തെടുക്കുകയാണ് ചെറായിലെ മമ്മു കണിയത്തെന്ന എഴുപത്തൊന്നുകാരൻ.

പൊള്ളുന്ന അനുഭവങ്ങൾ 15 അദ്ധ്യായത്തിൽ മമ്മു എഴുതിത്തീർത്തു. സുശിഖം മാസികയിൽ പ്രസിദ്ധീകരിച്ചു. നാല് വർഷത്തിന് ശേഷം ആടുജീവിതം വായിച്ചപ്പോൾ തന്റെ അനുഭവങ്ങളൊക്കെയും അതിനുള്ളിൽ നുരഞ്ഞുപൊന്തുന്നത് മമ്മു അറിഞ്ഞു.

1992ലാണ് മമ്മു ഉള്ളതൊക്കെ വിറ്റുപെറുക്കി സൗദിയിലേക്ക് പറന്നത്. വിമാനമിറങ്ങിയ മമ്മുവിനെ ആരോ വണ്ടിയിൽകയറ്റി കൊണ്ടുപോയി. മരുഭൂമിക്ക് നടുവിൽ ബദുവിഭാഗത്തിലുള്ള അറബി ഖാലിദിന്റെ മസ്റയിലാണ് മമ്മുവിനെ നടതള്ളിയത്. പിന്നെ ജീവിതം ആട്ടിടയനായി. ക്രൂരയായ ഖാലിദിന്റെ അമ്മ. ആടുകൾക്കിടയിലെ പ്രാകൃതജീവിതം. പാത്തിയിലൂടെ ഒഴുകിവരുന്ന വെള്ളം തൊടാൻപോലും അവകാശമില്ല. കുളി അന്യമായി. അറബിതന്ന നീളൻകുപ്പായം പിന്നിക്കീറി തീരാറായി. പാമ്പിനെയും കരിന്തേളിനെയുമൊക്കെ ഭയന്ന് മണലിൽ കിടന്നുള്ള ഉറക്കം. ഒട്ടകങ്ങളുടെ ആക്രമണമടക്കം അനുഭവങ്ങൾ പലത്.

നഷ്ടപ്പെട്ട ആട്ടിൻകൂട്ടത്തെ തേടിയുള്ള മരുയാത്ര വിറയാർന്ന ഓർമ്മയായി മമ്മുവിന്റെ ഉള്ളിൽ പിടയ്ക്കുന്നുണ്ട്. തിരിച്ചുകിട്ടിയ ആട്ടിൻപറ്റവുമായി മരുഭൂമിക്ക് നടുവിൽ ദിക്കറിയാതെയുള്ള അലച്ചിൽ. മുകളിൽ വിരൽകൊണ്ട് തൊടാമെന്ന മട്ടിൽ സൂര്യൻ. മണലിൽ കാലുകൾ നീറിപ്പുകഞ്ഞു. തുള്ളിവെള്ളം പോലുമില്ല തൊണ്ടനനയ്ക്കാൻ.

മരുക്കാറ്റിൽ വലിയ ആട്ടിൻതൊഴുത്ത് തകർന്ന് ദേഹത്ത് വീണപ്പോൾ മരണത്തെയും മുന്നിൽക്കണ്ടു. പിന്നീട് കെട്ടിടം പണിക്കാരനായി. കൂലിയില്ലാത്ത അടിമപ്പണി. നജീബിന്റെയും മമ്മുവിന്റെയും കഥയിൽ ഒതുങ്ങുന്നതല്ല പ്രവാസജീവിത ദുരന്തങ്ങൾ. എത്ര നോവലെഴുതിയാലും ജീവിതക്കുറിപ്പെഴുതിയാലും അതിനൊപ്പമാകില്ലെന്ന് മമ്മു.

ജീവിക്കാൻ പ്രേരണയായി കഥയെഴുത്ത്

ഇതിനിടയിലും മമ്മുവിനെ ജീവിക്കാൻ പ്രേരിപ്പിച്ചത് കഥയെഴുത്താണ്. ഒട്ടേറെ മാസികകളിൽ കഥകൾ പ്രസിദ്ധീകരിച്ചു. ആകാശവാണിയിലും കഥകൾ അവതരിപ്പിച്ചു. പ്രവാസത്തിനു മുൻപും ശേഷവും ബസ് കണ്ടക്ടറായി ജീവിതം. അത് നിരവധി വണ്ടിക്കഥകൾക്കും നിമിത്തമായി.

സൗദി പ്രവാസത്തിന് മുമ്പൊരു ആൻഡമാൻ ജീവിതവും മമ്മുവിനുണ്ട്. ആൻഡമാൻ റേഡിയോയിലും കഥകൾ വായിച്ചു.

തന്റെ ജീവിതകഥ ഓൺലൈൻ മാഗസിനായ പുഴ ഡോട് കോമിലും പ്രസിദ്ധീകരിച്ചു.

പുസ്തകമാക്കാനുള്ള കാത്തിരിപ്പിൽ

ജീവിതാനുഭവം അച്ചടിമഷി പുരണ്ടെങ്കിലും പുസ്തകമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള കാത്തിരിപ്പിലും പ്രയത്‌നത്തിലുമാണ് മമ്മു കണിയത്ത്. ഭാര്യ ബീവിയും മുംതാസും മനാഫുമാണ് മക്കൾ.