harikrishna

തിരുവനന്തപുരം: സ്റ്റേജിനെ ഇളക്കിമറിക്കുന്ന ഡാൻസർ ആകണമെന്ന് ഹരികൃഷ്ണൻ പറഞ്ഞപ്പോൾ ചിലർ നെറ്റിചുളിച്ചു. തളർന്ന കാലുകളുമായി നൃത്തം ചെയ്യാനോ... തറയിലിരുന്ന് കാലുകൾ കൈകൊണ്ട് ഇരുവശങ്ങളിലേക്കും നീക്കി, മൈക്കിൾ ജാക്സന്റെ 'മൂൺ വാക്ക് ' ന‌ൃത്തം അനുകരിച്ചാണ് ഈ പത്തുവയസുകാരൻ അതിന് മറുപടി നൽകിയത്. നടൻ വിജയ്‌യുടെ ആരാധകനായ ഹരി തമിഴ്പാട്ടിന്റെ താളത്തിൽ, ഇരുന്നുകൊണ്ട് 'മൂൺവാക്ക്' ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. വീൽചെയറിലിരുന്നുള്ള ഹരിയുടെ നൃത്തവും ശ്രദ്ധനേടിയിരുന്നു.


ഹരി ജനിച്ച് ദിവസങ്ങൾക്കുള്ളിൽ അരയ്ക്കു താഴെ തളർന്നതാണ്. നട്ടെല്ലിന്റെ തകരാറാണ്. ചികിത്സകൾ വിഫലമായി. കാലുകൾ സ്പർശനം അറിയാതെയായി. പ്രായത്തിനൊത്ത വളർച്ചയും ഉണ്ടായില്ല. വൃക്ക തകരാറിലായതോടെ മൂത്രം നിയന്ത്രണമില്ലാതായി. മാതാപിതാക്കൾ ഡയപെർ വച്ച് നൽകും. അതിനിടയ്‌ക്കാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി മൂന്നു വയസുമുതൽ ഹരി നൃത്തത്തിൽ താത്പര്യം പ്രകടിപ്പിച്ചത്. ടി.വിയിലെ പാട്ടിനൊത്ത് താളം പിടിക്കാനും ഇരുന്നുകൊണ്ട് സ്റ്റെപ്പുകൾ പകർത്താനും തുടങ്ങി. കൈകൾ കൊണ്ട് കാലുകൾ നീക്കിയും നിരങ്ങിയുമാണ് ചലനങ്ങൾ.അതിനനുസൃതമായ മുഖഭാവങ്ങളും.

കഴിഞ്ഞ രണ്ടുവർഷവും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നൃത്തത്തിലും ലളിതഗാനത്തിലും കവിതാപാരായണത്തിലും ചിത്രരചനയിലും ഹരി സമ്മാനങ്ങൾ നേടി.പഠനത്തിലും മിടുക്കനാണ്.

ഇലക്ട്രീഷ്യനായ ബിന്ദുകുമാറിന്റെയും ബിസ്മിയുടെയും രണ്ടാമത്തെ മകനാണ്. പേരൂർക്കട പി.എസ്.എൻ.എം എച്ച്.എസ്.എസിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ശ്രീഹരി (ഒൻപതാം ക്ലാസ് വിദ്യാർത്ഥി). തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലാണ് താമസം.

കോസ്റ്റ്യൂംസ് നിർബന്ധം

വിജയ്‌യുടെ പാട്ടിന് നൃത്തം ചെയ്യുമ്പോൾ ഷർട്ടും ജാക്കറ്റും...കടലിനക്കരെ പോണേരെ.. കളിക്കുമ്പോൾ കൈലിയും മുണ്ടും...വീട്ടിലിരുന്ന് കളിക്കുമ്പോഴും കോസ്റ്റ്യൂംസ് വേണം. തമിഴ്നടൻ രാഘവ ലോറൻസ് ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന ഡാൻസ് ട്രൂപ്പിൽ അംഗമാകാനും ഹരിക്ക് മോഹമുണ്ട്.