
ഫലം കാലത്തിനു വിട്ടുകൊടുത്ത് ശാന്തമായി പ്രയത്നിക്കുക. അപ്പോൾ വിജയം എളുപ്പമാകും
ഒരിക്കൽ ഒരു കർഷകന് വൈക്കോൽപ്പുരയിൽ വച്ച് തന്റെ വാച്ച് നഷ്ടപ്പെട്ടു. ചെറുപ്പത്തിൽ ജന്മദിന സമ്മാനമായി മുത്തച്ഛൻ നല്കിയതായതുകൊണ്ട് ആ വാച്ച് അയാൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. വൈക്കോൽക്കൂനയിൽ കുറേ നേരം തെരഞ്ഞിട്ടും വാച്ച് കിട്ടാതായപ്പോൾ അയാൾ നിരാശനായി തെരച്ചിൽ നിറുത്തി. അവിടെ അടുത്തുതന്നെ കുറച്ചു കുട്ടികൾ പന്തു കളിക്കുന്നുണ്ടായിരുന്നു. കാണാതായ വാച്ച് കണ്ടെത്താൻ തന്നെ സഹായിക്കാൻ അയാൾ കുട്ടികളോട് അപേക്ഷിച്ചു. കുട്ടികൾ കുറേ സമയം ശ്രമിച്ചിട്ടും വാച്ച് കണ്ടെത്താനായില്ല. വാച്ച് തിരികെ കിട്ടുമെന്ന പ്രതീക്ഷ ഏറക്കുറെ നഷ്ടപ്പെട്ടപ്പോഴാണ് കൂട്ടത്തിൽ ഒരു കുട്ടി, തനിക്ക് ഒരവസരം കൂടി നൽകണമെന്ന് പറഞ്ഞത്. അയാൾ സന്തോഷത്തോടെ സമ്മതിച്ചു.
കുട്ടി വൈക്കോൽപ്പുരയിലേക്കു കയറി, അഞ്ചു മിനിട്ടിനകം വാച്ചുമായി പുറത്തു വന്നു. ഇതുകണ്ട് കർഷകൻ അദ്ഭുതസ്തബ്ധനായി. എങ്ങനെയാണ് വാച്ച് കണ്ടെടുത്തതെന്ന് അയാൾ കുട്ടിയോടു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു: 'ഞാൻ വൈക്കോൽക്കൂനയുടെ ഓരോ ഭാഗത്തും ചെന്ന് രണ്ടു മിനിറ്റ് നിശ്ചലമായിരുന്നു വാച്ചിന്റെ ടിക് ടിക് ശബ്ദം കേൾക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു. ആ നിശ്ശബ്ദതയിൽ വൈക്കോൽപ്പുരയുടെ ഒരു മൂലയിൽ നിന്ന് വാച്ചിന്റെ ടിക് ടിക് ശബ്ദം കേൾക്കാൻ സാധിച്ചു. പിന്നെ അതു കണ്ടെത്തുക എളുപ്പമായിരുന്നു!" എന്താണ് ഇതു നൽകുന്ന പാഠം? ശാന്തമായ മനസ്സ് തെളിമയോടെ ചിന്തിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സഹായിക്കുന്നു.
ഇന്ന് ശാന്തമായ മനസ് പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു. മാനസിക പിരിമുറുക്കം അവരെ ഗ്രസിച്ചിരിക്കുന്നു. ഒരു യന്ത്രം ക്രമാതീതമായി ചൂടുപിടിച്ചാൽ അതിന്റെ പ്രവർത്തനം തകരാറിലാകും. അതുപോലെ ടെൻഷൻ നമ്മുടെ മാനസികമായ കഴിവുകളും പ്രവർത്തനക്ഷമതയും നഷ്ടമാക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും അപകട സാദ്ധ്യതയുള്ളപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പിരിമുറുക്കം പതിവു സംഭവമാകുമ്പോൾ അത് കാര്യക്ഷമതയെ ബാധിക്കുന്നു, വ്യക്തിത്വത്തെ വികലമാക്കുന്നു. അനേകം രോഗങ്ങൾക്കും കാരണമാകുന്നു. മറിച്ച്, മനസ് ശാന്തവും സ്വസ്ഥവുമാണെങ്കിൽ ശരിയായി ചിന്തിക്കാനും സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യുവാനും നമുക്കു സാദ്ധ്യമാകുന്നു.
ഇന്ന് കൊച്ചുകുട്ടികളെപ്പോലും ബാധിക്കുന്ന പ്രശ്നമാണ് ടെൻഷൻ. ജീവിതത്തെ കുറിച്ചുള്ള ആദ്ധ്യാത്മികമായ കാഴ്ചപ്പാടിലൂടെയും മനസ്സിനെ ശാന്തമാക്കാനുള്ള ബോധപൂർവമായ ശ്രമത്തിലൂടെയും പിരിമുറുക്കം ഒഴിവാക്കാനാകും. ഫലം കാലത്തിനു വിട്ടുകൊടുത്ത് ശാന്തമായി പ്രയത്നിക്കുക. അപ്പോൾ വിജയം എളുപ്പമാകും. സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുമെങ്കിൽ വിട്ടുനിൽക്കുക, പ്രകൃതി സൗന്ദര്യം ആസ്വദിക്കുക, മനസിന് ഉല്ലാസം പകരുന്ന പ്രവൃത്തികളിൽ ഏർപ്പെടുക, സൗഹൃദ സല്ലാപങ്ങളിൽ മുഴുകുക.
സാവകാശമുള്ള ദീർഘ ശ്വാസോച്ഛ്വാസം, പ്രാണായാമം, യോഗാസനങ്ങൾ, ധ്യാനം തുടങ്ങിയവയൊക്കെ മനസിന്റെ പിരിമുറുക്കം ഒഴിവാക്കാനും സ്വസ്ഥത കൈവരിക്കാനും ഫലപ്രദമാണ്. ചെറിയ പരാജയങ്ങളിൽ തളരാതിരിക്കാനും, കൊച്ചു വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാനുമുള്ള യാഥാർത്ഥ്യബോധം നമ്മൾ വളർത്തിയെടുക്കണം. ഇത്രയുമായാൽ ശാന്തിയും സന്തോഷവും കൂടുതൽ കാര്യക്ഷമതയും കൈവരിക തന്നെ ചെയ്യും.