
ആലിപ്പുർദ്വാർ: ഭൂട്ടാനുമായി അന്താരാഷ്ട്ര അതിർത്തിയും അസാമുമായി സംസ്ഥാന അതിർത്തിയുമുള്ള ലോക്‌സഭ മണ്ഡലമായ ആലിപ്പുർദ്വാറിൽ എം.പിയും എം.എൽ.എയും നേർക്കുനേർ മത്സരിക്കുന്നു. ബി.ജെ.പി ചീഫ് വിപ്പ് കൂടിയായ മനോജ് ടിഗ്ഗയും തൃണമൂൽ രാജ്യസഭാംഗമായ പ്രകാശ് ചിക് ബരായ്കും തമ്മിലുള്ള മത്സരമാണ് ശ്രദ്ധേയമാകുന്നത്.
രണ്ടരലക്ഷത്തിനുമേൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി കഴിഞ്ഞതവണ ജയിച്ച മണ്ഡലമാണിത്. ജയിച്ചുവന്ന ജോൺ ബാർള ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രിയുമായിരുന്നു. എന്നാൽ മണ്ഡലത്തിൽ കാര്യമായ വികസനം നടന്നില്ലെന്നാണ് വിമർശനം. എതിർവികാരത്തെത്തുടർന്നാണ് ബി.ജെ.പി ബാർളയ്ക്ക് സീറ്റ് നിഷേധിച്ചത്. പകരം മനോജ് ടിഗ്ഗയെ ഇറക്കി. ഇതോടെ ബാർള ടിഗ്ഗയ്‌ക്കെതിരെ തിരിഞ്ഞു. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കടുത്തശാസനയെത്തുടർന്നാണ് ബാർള പ്രചാരണത്തിനിറങ്ങിയത്.