social-media

ന്യൂയോര്‍ക്ക്: സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സേവനങ്ങള്‍ക്ക് പണം ഈടാക്കാനുള്ള പദ്ധതിയുമായി ഇലോണ്‍ മസ്‌ക് മുന്നോട്ടുപോകുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരില്‍ നിന്ന് പണം ഈടാക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനും അതുവഴി എക്സിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുമാണ് പണം ഈടാക്കുന്നത്. ചെറിയ രീതിയില്‍ പണം ഈടാക്കിത്തുടങ്ങിയാല്‍ വ്യാജന്മാര്‍ പിന്നെ ഈ വഴിക്ക് വരില്ലെന്നാണ് മസ്‌ക് കണക്കുകൂട്ടുന്നത്. എക്സില്‍ പോസ്റ്റ് ചെയ്യുന്നതിനും ലൈക്ക്, റിപ്ലൈ എന്നിവയ്ക്കുമായിരിക്കും പണം നല്‍കേണ്ടിവരിക.

എന്നാല്‍ നിരക്കുകള്‍ എത്രയായിരിക്കുമെന്നത് സംബന്ധിച്ചോ എപ്പോള്‍ മുതല്‍ ഈ രീതി നിലവില്‍ വരുമെന്നോ സംബന്ധിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല. പുതിയതായി അക്കൗണ്ട് ആരംഭിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരുടെ പ്രൊഫൈലുകള്‍ തിരയുന്നതിനോ അവരുടെ പോസ്റ്റുകള്‍ വായിക്കുന്നതിനോ പണം നല്‍കേണ്ടി വരില്ല.

ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇത്തരം സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങിയിട്ടുണ്ട്. എക്സ് നേരിടുന്ന വലിയ വെല്ലുവിളിയാണ് ബോട്ട് അക്കൗണ്ടുകള്‍. ക്യാമ്പയിനുകള്‍ക്കും തട്ടിപ്പുകള്‍ക്കുമായാണ് ബോട്ടുകള്‍ അധികവും ഉപയോഗിക്കുന്നത്. ഇവ നിയന്ത്രിച്ചാല്‍ കമ്പനിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാകുമെന്നും കരുതിയാണ് പുതിയ തീരുമാനം.