coffee

രാജ്യാന്തര വിപണിയില്‍ കാപ്പിയുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ് ഒപ്പം വിലയും. കര്‍ഷകരെ സംബന്ധിച്ച് ഇത് സുവര്‍ണാവസരമാണ്. ഇന്ത്യയിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ കര്‍ഷകരെ സംബന്ധിച്ച് നേട്ടം കൊയ്യാനുള്ള ഈ അവസരത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. കാലാവസ്ഥാമാറ്റം ആഗോള വിപണിയിലെ വമ്പന്‍മാരായ വിയറ്റ്‌നാമിലേയും ബ്രസീലിലേയും വിളവ് കുറച്ചിട്ടുണ്ടെന്ന അനുകൂല സാഹചര്യവും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറുന്നുണ്ട്.

2023-24 വര്‍ഷത്തില്‍ കാപ്പി കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ കുറവാണ് വിയറ്റ്‌നാമിലുള്ളത്. ഇത് കാപ്പിക്ക് ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും, അതാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോബസ്റ്റ കാപ്പിക്കുരു ഉല്‍പാദിപ്പിക്കുന്നത് വിയറ്റ്‌നാമാണ്. അതുകൊണ്ടുതന്നെ അവരുടെ ഉല്‍പാദനത്തിലെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ബ്രസീലിലെയും വിയറ്റ്നാമിലെയും കാപ്പി ഉല്‍പാദനത്തിലെ ഇടിവ് വിലക്കയറ്റത്തിനു കാരണമായി. ആഗോള കാപ്പിക്കുരു ഉല്‍പാദനത്തിലെ ഇടിവ് ദക്ഷിണേന്ത്യന്‍ കര്‍ഷകരെ കൃഷി വ്യാപിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള കാപ്പിക്ക് ആഗോള വിപണിയില്‍ വലിയ മൂല്യമുണ്ട്. രാജ്യത്തെ മൊത്തം കാപ്പി ഉല്‍പാദനത്തില്‍ 70 ശതമാനവും കൂര്‍ഗ്, ചിക്കമംഗലൂര്‍, ഹാസന്‍ മേഖലകളിലാണ് വിളയുന്നത്. കേരളവും തമിഴ്നാടും കാപ്പിക്കൃഷിയില്‍നിന്നു വലിയ വരുമാനം കണ്ടെത്തുന്നുണ്ട്. രാജ്യത്തെ കാപ്പി ഉല്‍പാദനത്തില്‍ 83 ശതമാനവും ദക്ഷിണേന്ത്യയുടെ സംഭാവനയാണ്.

5000-7000 രൂപ വരെ ക്വിന്റലിന് വിലയുണ്ടായിരുന്നതാണ് ഇപ്പോള്‍ ആഗോള വിപണിയിലെ പ്രതിസന്ധി കാരണം 20,000 രൂപ വരെ എത്തി നില്‍ക്കുന്നത്. ഇത്രയും വിലക്കയറ്റം തങ്ങളുടെ വിളയ്ക്ക് കിട്ടുമെന്ന് കര്‍ഷകരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ച് കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ മേഖലയിലെ റോബസ്റ്റ കാപ്പിക്കുരു കര്‍ഷകര്‍ക്ക് ഇതിലും വലിയ അവസരം ലഭിക്കാനില്ല. കര്‍ഷകനെ കോടീശ്വരനാക്കുന്ന വിളയെന്ന വിശേഷണം അതുകൊണ്ട് തന്നെ ഒട്ടും അതിശയോക്തിയില്ലാത്തതുമാണ്.