rohit-sharma

മുംബയ്: അഞ്ച് തവണ കിരീടമണിയിച്ചിട്ടും നായക സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തിന്റെ ഫലം മുംബയ് ഇന്ത്യന്‍സ് ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. പകരം നായകനാക്കിയ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ആകട്ടെ ശരാശരിയിലും താഴെയാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞിട്ടുമുണ്ട്. മുംബയ് നായകനാകണമെന്ന ആഗ്രഹം പണ്ട് മുതലേ ഹാര്‍ദിക്കിനുണ്ട്. അതിന്റെ പേരിലാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. പിന്നീട് ഗുജറാത്തിന്റെ നായകനായി തിളങ്ങിയ താരത്തെ മുംബയ് തിരികെയെത്തിച്ചു.

മുംബയ് ഇന്ത്യന്‍സില്‍ തിരിച്ചെത്തിയതും പിന്നീട് നായകനായതും മുതല്‍ ഹാര്‍ദിക് നേരിടുന്നത് ജീവിതത്തില്‍ മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന സംഭവങ്ങളാണ്. വ്യക്തിഗതമായി മികവ് പുലര്‍ത്താന്‍ കഴിയുന്നുമില്ല. മാത്രവുമല്ല വിജയിക്കേണ്ട പല മത്സരങ്ങളും തെറ്റായ തീരുമാനം കാരണം ഹാര്‍ദിക് കളഞ്ഞുകുളിച്ചു. ഇപ്പോഴിതാ ക്യാപ്റ്റനാകണമെന്ന അടങ്ങാത്ത ആഗ്രഹം ഹാര്‍ദിക്കിന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

2022ല്‍ ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റതിന് ശേഷം രോഹിത് ശര്‍മ്മ കുട്ടി ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഹാര്‍ദിക്കിനെ ബിസിസിഐ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. അതോടെ 2024ല്‍ ടി20 ലോകകപ്പില്‍ താരം ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ പിന്നീട് രോഹിത് ടി20 ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തി. ഹാര്‍ദിക് പരിക്കേറ്റ് പുറത്തിരിക്കുകയായിരുന്നു ഈ ഘട്ടത്തില്‍. ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമില്‍ ഹാര്‍ദിക്കിന് ഇടംകിട്ടാന്‍ സാദ്ധ്യതയില്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവില്‍ കളിച്ചത്. ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യയ്ക്കു കാലിനു പരുക്കേല്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ പാണ്ഡ്യയ്ക്കു നഷ്ടമായി. പരുക്കുമാറിയ ശേഷം ഐപിഎല്ലിലാണു പാണ്ഡ്യ ആദ്യമായി കളിക്കാനിറങ്ങിയത്.മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ബോളിങ്ങില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുന്നോടിയായി ബിസിസിഐ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും മുംബൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ ഹാര്‍ദിക് ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിയേണ്ടിവരുമെന്നാണ് ഇവരുടെ നിലപാട്. ബാറ്റിങ്ങില്‍ തിളങ്ങിയാലും ബോളറെന്ന നിലയില്‍ താരത്തിന്റെ പ്രകടനമായിരിക്കും നിര്‍ണായകമാകുക. നിരന്തരം പരിക്കേല്‍ക്കുന്നതും താരത്തിന് വെല്ലുവിളിയാണ്.