ganesh

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാർക്കെതിരെ കെഎസ്‌ആർടിസിയിൽ കർശന നടപടി. 74 സ്ഥിരം ജീവനക്കാർക്ക് സസ്‌പെൻഷനും 26 താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്‌തു. വനിതകളൊഴികെ ജീവനക്കാർ മദ്യപിച്ചിട്ടല്ല ജോലിക്ക് ഹാജരാകുന്നത് എന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് ഹാജരാകുക, മദ്യം സൂക്ഷിക്കുന്ന തുടങ്ങി 100 കേസുകൾ റിപ്പോർട്ട് ചെയ്‌തത്.

കെഎസ്ആർ‌ടിസി വിജിലൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. 60 യൂണിറ്റുകളിൽ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ, ഒരു സെക്യൂരിറ്റി സർജന്റ്, ഒൻപത് മെക്കാനിക്കുകൾ, 22 സ്ഥിരം കണ്ടക്‌ടർമാർ, ഒൻപത് ബദലി കണ്ടക്‌ടർമാർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദലി ഡ്രൈവർമാർ, സ്വിഫ്‌റ്റിലെ അഞ്ച് ഡ്രൈവർ കം കണ്ടക്‌ടർ എന്നിവരാണ് മദ്യപിച്ച് ജോലിക്ക് ഹാജരായത്.അപകടങ്ങൾ പതിവാകുന്നതും സർവീസുകൾ താമസിക്കുന്നതും ജീവനക്കാരുടെ പിഴവാണെന്ന ആക്ഷേപം ഉയർന്നതോടെ പരിശോധന ശക്തമാക്കുകയായിരുന്നു. ഏപ്രിൽ ഒന്നുമുതൽ 15 വരെ ദിവസങ്ങളിലായിരുന്നു വിജിലൻസ് പരിശോധന.